വേറിട്ട അനുഭവമായി സ്‌നേഹാലയ വാര്‍ഷികം
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടത്തുന്ന സ്‌നേഹാലയം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ നാടിനു പകര്‍ന്നു നല്‍കിയത് പുതിയ ചില അനുഭവങ്ങളാണ്. ഭിന്ന ശേഷി ഒരു രോഗമല്ലെന്നും അതു പ്രത്യേകമായ ചില കഴിവുകള്‍ കൂടിയാണെന്നും തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ കലാപ്രകടനങ്ങള്‍.
ഉദ്ഘാടകനായ സംഗീത സംവിധായകന്‍ പ്രകാശ് ഉള്ള്യേരി കീബോര്‍ഡില്‍ നാദവിസ്മയം തീര്‍ത്താണ് പരിപാടികള്‍ ആരംഭിച്ചത്. അന്തേവാസികളുടെ നൃത്തവും, ഒപ്പനയും, നാടന്‍പാട്ടും, കവിതാലാപനവും, നാടോടി നൃത്തങ്ങള്‍ക്കും പുറമെ അവരുടെ അമ്മമാരുടെ തിരുവാതിരക്കളിയും ചടങ്ങില്‍ ശ്രദ്ധേയമായി. ലഹരിക്കെതിരായി പാലക്കാട് സാഗര ഡാന്‍സ് അക്കാദമി അവതരിപ്പിച്ച വിമുക്ത നൃത്തവും, സിനിമാറ്റിക് ഡാന്‍സുകളും, കലാഭവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന മിമിക്രിയും, അമ്പലപ്പാറ ഗ്രാമകല അവതരിപ്പിച്ച നാടന്‍ പാട്ടുകളും പുതുവര്‍ഷ സമ്മാനങ്ങളായി സ്‌നേഹാലയത്തിലെ കുട്ടികള്‍ക്കു മാറി. പ്രതിഫലമില്ലാതെയാണ് കലാകാരന്മാര്‍ ഈ പരിപാടി അവതരിപ്പിച്ചതെന്നും പ്രത്യേകതയാണ്.
വാര്‍ഷികാഘോഷ ചടങ്ങില്‍ ചിറകുള്ള ചങ്ങാതിമാരെന്ന പേരിലുള്ള സ്‌നേഹാലയത്തെ കുറിച്ചുള്ള പത്രവും ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. എല്ലാ കുട്ടികള്‍ക്കും, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ഡയറി, എന്നിവയും വിതരണം ചെയതു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ഷാജു ശങ്കര്‍ അധ്യക്ഷനായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, എം.കെ. ദേവി, എം. രുഗ്മിണി, വി.സി. ഉണ്ണികൃഷ്ണന്‍, പി.കെ. ഗംഗാധരന്‍, കെ. രാജന്‍, എം.സി. കുഞ്ഞഹമ്മദ് കുട്ടി, സി.എന്‍. സത്യന്‍, ഉഷാറാണി, ഡോ. ധന്യ, രമ്യ രാജ്, സുധ രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."