പുതിയ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിനെതിരേ ഐ.എം.എ രംഗത്ത്
മണ്ണാര്‍ക്കാട്: പുതിയ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ (എന്‍.എം.സി) കേന്ദ്രസര്‍ക്കാറിന്റെ ഭ്രാന്തന്‍ ആശയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ (ഐ.എം.എ) പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ആരോഗ്യ രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കാനുദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഫെഡറല്‍ സംവിധാനത്തെയും, ആരോഗ്യ രംഗത്തെയും തകര്‍ക്കുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് പുതുതായി രൂപീകരിക്കാനുദ്ദേശിച്ച നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ ആരോഗ്യരംഗത്തെ ബാലപാഠങ്ങള്‍ പോലുമറിയാത്തവരെ കുത്തിനിറച്ച്, ആരോഗ്യ രംഗം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെക്കാനുളള ഗൂഢമായ തന്ത്രത്തിന്റെ ഭാഗമാണ്.
പുതിയ കൗണ്‍സിലില്‍ 80 ശതമാനവും ആരോഗ്യ രംഗത്ത് പരിചയമില്ലാത്ത നോമിനേറ്റഡ് അംഗങ്ങളെയാണുളളത്. ഇത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്ക് എതിരാണ്.
നീണ്ട വര്‍ഷങ്ങള്‍ കൊണ്ട് മെഡിക്കല്‍ ബിരുദവും, ബിരുദാനധര ബിരുദവും നേടിയ ഒട്ടനവധി ഡോക്ടര്‍മാരുളള ഈ രാജ്യത്ത് ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സ് നല്‍കി എം.ബി.ബി.എസിന് തുല്യമായ യോഗ്യത നല്‍കുന്നത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് വന്‍ഭീഷണി ഉയര്‍ത്തുമെന്നും ഐ.എം.എ ഭാരവാഹികള്‍ മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തലതിരഞ്ഞ നയങ്ങള്‍ക്കെതിരേ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ഒ.പി ബഹിഷ്‌കരിച്ചു. എന്നാല്‍ ലേബര്‍ റൂം, കാഷ്വാലിറ്റി, ഐ.സി.യു എന്നിവ പ്രവര്‍ത്തിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എയുടെ ജില്ലാ ചെയര്‍മാന്‍ ഡോ. കൃഷ്ണകുമാര്‍, കണ്‍വീനര്‍ ഡോ. കെ.എ കമ്മാപ്പ, സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് ഡോ. ചന്ദ്രശേഖരന്‍, ഡോ. ജയദേവന്‍, ഡോ. അബ്ദു കല്ലടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."