കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പഴയ ഉല്ലാസ ബോട്ടുകള്‍ നശിക്കുന്നു
x
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ നവീകരണ പദ്ധതികള്‍ നടത്താനിരിക്കെ പഴയ ഉല്ലാസ ബോട്ടുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നേരത്തെ ഉദ്യാനമായി പ്രഖ്യാപിക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യാനം മോടിപിടിപ്പിക്കുകയും ഉല്ലാസ ബോട്ടുകള്‍ സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥയില്‍ ഉല്ലാസ ബോട്ടുകളെല്ലാം വര്‍ഷങ്ങളായി കട്ടപ്പുറത്താണ്.
നിലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഡാമിലൊ, ഡാമിനോട് ചേര്‍ന്നുളള തടാകത്തിലൊ, ഉദ്യാനത്തിലൊ ഒന്നും തന്നെയില്ല. നേരത്തെ ഉദ്യാനത്തിലുണ്ടായിരുന്ന ആകര്‍ഷണ വിളക്കുകളും മറ്റും വര്‍ഷങ്ങള്‍ക്ക് മുമ്പെ കണ്ണടച്ചു.
അറ്റകുറ്റ പണികള്‍ നടത്താതെയും, ഉദ്യാനത്തില്‍ വിരിച്ച പുല്‍മേടുകളെ പരിചരിക്കാതെയും കാട് പിടിച്ച് കിടക്കുകയാണ്. കൂടാതെ വിനോദ സഞ്ചാരികളെ സംരക്ഷിക്കുന്നതില്‍ പൊലിസ് സാന്നിധ്യം പോലും നിലവിലില്ല.
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും നവീകരണം പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ സംരക്ഷണ ഭിത്തിയും കൃത്യമായി മാലിന്യം നീക്കം ചെയ്യുന്നതിനും, ഉദ്യാനം പരിപാലിക്കുന്നതിനും അധികൃതര്‍ വേണ്ട നിലയില്‍ സംരക്ഷണം നല്‍കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. മുസ്ലിം ലീഗ് എം.എല്‍.എയായിരുന്ന കളത്തില്‍ അബ്ദുല്ലയുടെ ശ്രമഫലമായാണ് ഇറിഗേഷന്‍ വകുപ്പിന്റെ അതീനതയിലുളള ഭൂമി ടൂറിസം വകുപ്പിന് കൈമാറുകയും തുടര്‍ന്ന് ഉദ്യാനമാക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."