മൂലത്തറയില്‍ അമ്മയും രണ്ട് മക്കളും മരണപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ചിറ്റൂര്‍: മൂലത്തറ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പിലെ കിണറ്റില്‍ അമ്മയും രണ്ട് പെണ്‍മക്കളും മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയില്‍. വണ്ണമാട മലയാണ്ടി കടങ്ങനൂര്‍ കറുപ്പസ്വാമിയുടെ മകന്‍ വടിവേല്‍ (25), കോട്ടയം വൈക്കം കുവംതലയാളം പി.ഒ നികര്‍ത്തില്‍ നാരായണന്റെ മകന്‍ സിജു (36) ആണ് പിടിയിലായത്. മരണപ്പെട്ട യുവതിയുമായി പ്രതികള്‍ അതിരു കവിഞ്ഞ ബന്ധം പുലര്‍ത്തി വന്നത് ഭര്‍ത്താവ് അറിയുമോയെന്ന ഭയമാണ് കുട്ടികളുമായി ആത്മഹത്യ നടത്തിയതിന് പ്രേരണയായതെന്ന് പൊലിസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. മൂലത്തറ ഡാമിനടുത്തുള്ള തോപ്പിലാണ് ചെത്ത് തോഴിലാളിയായ ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയും ഭാര്യ കവിതയും താമസിച്ചു വന്നിരുന്നത്. കാവ്യ (9), റിധന്യ (7) വേനല്‍ അവധിക്കാണ് മൂലത്തറയില്‍ എത്തിയത്.
അന്ന് വൈകീട്ട് കവിതയേയും മക്കളേയും കണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോപ്പിനകത്തു തന്നെയുള്ള കിണറ്റില്‍ മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സൈബര്‍ സല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കവിതയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന വിവരം അറിയുന്നത്. ഒന്നാം പ്രതിയായ വടിവേല്‍ സിജുവും കവിതയുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായി ഭര്‍ത്താവിനോട് അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ഭയന്നാണ് കുട്ടികളുമായി കവിത ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കവിതയുടെ ഭര്‍ത്താവായ കൃഷ്ണ മൂര്‍ത്തിക്ക് കേള്‍വി ശേഷി കുറവായതിനാല്‍ ഇത് മുതലെടുത്താണ് വടിവേലുവും സിജുവും കവിതയുമായി ബന്ധം സ്ഥാപിച്ചു വന്നത്. ചിറ്റൂര്‍ സി.ഐ കെ.എം ബിജു, മീനാക്ഷിപുരം എസ്.ഐ ശ്യംാംകുമാര്‍, എസ്.സി.പി.ഒമാരായ ജേക്കബ്, നാസര്‍ അലി, ധര്‍മ്മരാജ്, അശോക് കുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."