ശസ്ത്രക്രിയയിലൂടെ പട്ടിയുടെ വയറ്റില്‍ നിന്ന് അടക്ക പുറത്തെടുത്തു
നിലമ്പൂര്‍: അവശനിലയിലായ വളര്‍ത്തുപട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ അടക്ക പുറത്തെടുത്തു. കാട്ടുമുണ്ട പുള്ളി നടുവത്ത് രവീന്ദ്രന്റെ ഒന്നരവയസ് പ്രായമായ ലാബ്രഡോര്‍ ഇനത്തില്‍പെട്ട കാഞ്ചിയെന്ന പെണ്‍പട്ടിയെയാണ് നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്. 28 ദിവസങ്ങള്‍ക്കുമുന്‍പ് അവശ നിലയിലായ കാഞ്ചിയെ അടുത്തുള്ള ഡിസ്‌പെന്‍സറിയില്‍ കാണിച്ച് മരുന്നുവാങ്ങിയിരുന്നു.
എന്നിട്ടും കാര്യമായ തകരാറുകള്‍ കണ്ടെത്തനായില്ല. നായുടെ നില അനുദിനം വഷളായതോടെയാണ് ജില്ലാ ആശുപത്രിയിലെ ഡോ. ഹരിയുടെ നിര്‍ദേശപ്രകാരം രവീന്ദ്രന്‍ കാഞ്ചിയെ നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍ ജിനു ജോണിന്റെയും ഡോ പ്രതാപിന്റെയും അടുത്തെത്തിക്കുയായിരുന്നു. ഇവിടെ നടത്തിയ സ്‌കാനിങിലാണ് കുടലില്‍ എന്തോ തടസമുള്ളതായി കണ്ടെത്തിയത്. രവീന്ദ്രനില്‍നിന്നും സമ്മത പത്രം എഴുതി വാങ്ങിയ ശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് വയറ്റിനുള്ളില്‍ നിന്നും തോടുപൊളിക്കാത്ത അടക്ക കണ്ടെടുത്തത്. കുടലിലായതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വെള്ളം പോലും നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രിപ്പ് നല്‍കുന്നതിനായി വരുന്ന രണ്ട് ദിവസങ്ങളില്‍ എത്തിക്കാനും രവീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച ശസ്ത്രക്രിയ ഒന്നരക്കാണ് പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."