രാഷ്ട്രീയ സംഘര്‍ഷങ്ങള്‍: തീരമേഖലയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചത് 35,46,500 രൂപയുടെ നാശനഷ്ടം
തിരൂര്‍: കഴിഞ്ഞ വര്‍ഷം തീരദേശ മേഖലയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 44 കുടുംബങ്ങള്‍ക്കായി 35,46,500 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശഷ കമ്മിഷനാണ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബങ്ങളുടെ വിലാസവും നഷ്ടവും കണക്കാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരൂര്‍ സബ്കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തെ തുടര്‍ന്നു സ്ഥിതിഗതികള്‍ ശാന്തമാണെന്നും സമാധാനം തുടരുന്നതിനു നടപടികളെടുത്തുവരികയാണെന്നും കലക്ടര്‍ അറിയിച്ചു. നേരത്തെ നഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ കമ്മിഷന് കലക്ടറോട് തേടിയിരുന്നു. അക്രമം സംബന്ധിച്ച് കമ്മിഷന് സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
അക്രമത്തില്‍ നഷ്ടം സംഭവിച്ച ഇരകള്‍ കമ്മിഷന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാഭരണകൂടം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കലക്ടര്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് ചൊവ്വാഴ്ച തിരൂരില്‍ സിറ്റിങ് നടത്തിയ കമ്മിഷന് അംഗം മോഹന്‍കുമാര്‍ അറിയിച്ചു. ചൊവ്വാഴ്ച 58 പരാതികളാണ് കമ്മിഷന് പരിഗണിച്ചത്. ഇതില്‍ 11 എണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് ഫെബ്രുവരി 21ന് മലപ്പുറത്തും മാര്‍ച്ച് മൂന്നിനു തിരൂരിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."