മൂര്‍ക്കനാട് തോണി അപകടം: മൂന്നു ലക്ഷം രൂപവീതം നഷ്ടപരിഹാരം
മലപ്പുറം: 2009 ജനുവരിയില്‍ അരീക്കോട് മൂര്‍ക്കനാട് കടവില്‍ തോണി മറിഞ്ഞു ദാരുണമായി മരണപ്പെട്ട മൂര്‍ക്കനാട് സുബൂലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടു വിദ്യാര്‍ഥികളുടെ അവകാശികള്‍ക്കു കേരള വിക്ടിം കോംപന്‍സേഷന്‍ സ്‌കീം 2014 പ്രകാരം മൂന്നു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഈ സ്‌കീം പ്രകാരംതന്നെ മറ്റു രണ്ടു കേസുകളില്‍ മൂന്നു ലക്ഷം രൂപവീതവും ഒരു കേസില്‍ 75,000 രൂപയും നഷ്ടപരിഹാരമായി നല്‍കും. സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയില്‍നിന്നു ഫണ്ട് ലഭ്യമാക്കി ഔദ്യോഗികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ജില്ലാ, താലൂക്കുതല ഓഫിസുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനും ജില്ലയിലെ പൊലിസുകാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും സ്‌കൂള്‍തലത്തിലുള്ള നിയമ സാക്ഷരതാ ക്ലാസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ ജഡ്ജി എസ്.എസ് വാസന്‍, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രാജന്‍ തട്ടില്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.ടി പ്രകാശ്, ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം കൃഷ്ണന്‍ നമ്പൂതിരി, അഡ്വ. ജിസണ്‍ പി. ജോസ്, അഡ്വ. അബ്ബാസ്. ടി, ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."