സഊദിയില്‍ 450 ബിനാമി കേസുകള്‍ അന്വേഷണത്തില്‍: പിടിക്കപ്പെട്ടാല്‍ പത്തു ലക്ഷം റിയാല്‍ പിഴ
റിയാദ്: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 450 ബിനാമി കേസുകള്‍ സഊദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ നിക്ഷേപ മന്ത്രാലയം. നിര്‍മാണം, ചില്ലറമൊത്ത വ്യാപാരം, ഐ.ടി എന്നീ മേഖലകളിലാണ് ബിനാമി ബിസിനസ് പ്രവണത കൂടുതലെന്ന് ആഭ്യന്തര വ്യാപാര ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസര്‍ എന്‍ജി. സുഹൈല്‍ അബാനമി അറിയിച്ചു. ബിനാമി വ്യാപാരം ഏറ്റവും കൂടുതല്‍ റിയാദ് പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യ, മക്ക എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദേശീയ സാമ്പത്തിക സ്രോതസ്സുകളുടെ ശോഷണത്തിനും ദേശീയ വരുമാനം രാജ്യത്തിന് പുറത്തുകടക്കുന്നതിനും പുറമെ അനധികൃത വാണിജ്യ മത്സരം സൃഷ്ടിക്കാനും ബിനാമി ബിസിനസ് കാരണമാകുന്നു.
മുതല്‍മുടക്ക് വേണ്ട എന്നതും അനുഭവസമ്പത്തിന്റെ ആവശ്യം വരുന്നില്ലെന്നതും വിദേശികളോടുള്ള സഹതാപവുമാണ് ബിനാമി വ്യാപാരത്തിന് സഹായം നല്‍കാന്‍ സഊദികളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ബിസിനസില്‍ ഏര്‍പ്പെട്ടതായോ ഒത്താശ ചെയ്തതായോ സ്ഥിരീകരിച്ചാല്‍ ബിനാമി വ്യാപാര വിരുദ്ധ നിയമപ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 10 ലക്ഷം റിയാല്‍ പിഴ അടക്കുന്നതിനു പുറമെ, സ്വന്തം ചെലവില്‍ കുറ്റകൃത്യം പരസ്യം ചെയ്യുകയും വേണം. പുറമെ വാണിജ്യ നിക്ഷേപ മന്ത്രാലയം സ്ഥാപനം അടച്ചുപൂട്ടുകയും മേഖലയില്‍നിന്ന് അഞ്ച് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. വിദേശികളെ സ്വദേശത്തേക്ക് നാടുകടത്തുകായും ചെയ്യും . എല്ലാ മേഖലകളിലെയും ബിനാമി പ്രവണത അവസാനിപ്പിക്കാന്‍ വാണിജ്യ,നിക്ഷേപ മന്ത്രാലയം കര്‍ശന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."