ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തനം താറുമാറായി
പാലക്കാട്: ജില്ലയിലെ വിവിധ തൊഴില്‍ മേഖലയിലെ സാധാരണ തൊഴിലാളികള്‍ക്ക് ആശ്രയമായ ഒലവക്കോട്ടെ ഇ.എസ്.ഐ ആശുപത്രിയുടെ പ്രവര്‍ത്തനം തോന്നിയ പോലെ. ഡോക്ടര്‍മാരുടെ കുറവും മരുന്നുക്ഷാമവും മൂലം ദിവസേന എത്തുന്ന നൂറുകണക്കിന് രോഗികള്‍ ദുരിതത്തിലാണ്. അലോപ്പതി, ആയുര്‍വേദം എന്നീ രണ്ടു ചികിത്സാ വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു സ്ഥിരം ഡോക്ടറും അലോപ്പതി വിഭാഗത്തില്‍ നാല് ഡോക്ടറുമാരുമാണുള്ളത്. ഇതില്‍ ആയുര്‍വേദ ഡോക്ടര്‍ സ്ഥിരമായി വരാറില്ല. ഇവിടെയുള്ള ഡോക്ടര്‍ക്ക് മുളങ്കുന്നത്തുകാവ് ഡിസ്‌പെന്‍സറിയുടെയും രോഗികളെ പരിശോധിക്കേണ്ടതുണ്ട്. ഇതുമൂലം ഒലവക്കോട് ആശുപത്രിയിലെത്തുന്ന രോഗികള്‍ പലരും മിക്ക ദിവസവും ഡോക്ടറെ കാണാനാവാതെ തിരിച്ചുപോകുകയാണ് പതിവ്. സ്ഥിരമായി വരുന്ന രോഗികള്‍ ഡോക്ടറുടെ മൊബൈല്‍ നമ്പറില്‍ വിളിച്ചുചോദിച്ച ശേഷമാണ് ചികിത്സയ്ക്കായി വരുന്നത്. ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയായിട്ടും സ്ഥിരം ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്ന രോഗികളുടെ പ്രതിഷേധം പലപ്പോഴും ബഹളത്തിനിടയാക്കുന്നുണ്ട്.
അലോപ്പതി വിഭാഗത്തില്‍ നാലു ഡോക്ടര്‍മാരുടെ സേവനമാണ് ഡിസ്‌പെന്‍സറിയിലുള്ളത്. ഡോക്ടര്‍മാരുടെ തസ്തികകളില്‍ സ്ഥിരനിയമനം നടത്താതെ കരാര്‍ നിയമനമാണ് നടത്തിയിട്ടുള്ളത്. ഇതുമൂലം പലപ്പോഴും ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
തൊഴിലാളികള്‍ പലരും അവധിയെടുത്താണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. പലപ്പോഴും ഡോക്ടറില്ലാത്തതിനാല്‍ മടങ്ങി പിന്നീട് വരേണ്ടിവരുന്നത് വന്‍സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. ആയുര്‍വേദ വിഭാഗത്തില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കുന്ന മരുന്നുകള്‍ മിക്കവയും ഡിസ്‌പെന്‍സറിയില്‍ ലഭ്യമല്ല. മരുന്ന് കുറിപ്പടി പുറത്തേക്ക് എഴുതി വിടുകയാണ് പതിവ്. തൊഴിലാളികളെ സഹായിക്കായി സ്ഥാപിച്ച ഇ.എസ്.ഐ ആശുപത്രിയില്‍ മരുന്നുകള്‍ പുറത്തേക്ക് എഴുതുന്നതോടെ ഫലത്തില്‍ ഭാരിച്ച ചികിത്സാച്ചിലവാണ് പലര്‍ക്കും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഫാര്‍മസിസ്റ്റ് അവധിയായതിനാല്‍ രോഗികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് പോലും എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. പരിശോധനക്കെത്തിയ നിരവധി രോഗികള്‍ ഇതുമൂലം എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലായി. തുടര്‍ന്ന് ഡോക്ടര്‍ തന്നെ രോഗികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് എടുക്കലും പരിശോധിക്കലും മരുന്നു കുറിപ്പെഴുതലും മരുന്നു എടുത്തുകൊടുക്കലും ഉള്‍പ്പെടെ ചെയ്യേണ്ടി വന്നു. ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസര്‍ക്ക് പറളി, ഒറ്റപ്പാലം ഇ.എസ്.ഐ ആശുപത്രിയുടെ കൂടെ അധിക ചുമതലയുണ്ട്. ഇതുമൂലം എല്ലാ ദിവസവും ഒലവക്കോട് ഡിസ്‌പെന്‍സറിയില്‍ എത്താന്‍ കഴിയാറില്ല.
അധികച്ചുമതലകള്‍ ഒഴിവാക്കി കൂടുതല്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ആശുപത്രിയുടെ പ്രവര്‍ത്തനം രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജീവനക്കാരുടെ കുറവ് ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."