ടി.പി വധം: സി.ബി.ഐ അന്വേഷണം എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന ഒരുതവണ അന്വേഷിച്ച് പ്രതികളെ വെറുതേവിട്ടതിനാല്‍ ഇനി സി.ബി.ഐ അന്വേഷണം എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. ഗൂഢാലോചന വീണ്ടും അന്വേഷിക്കാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്തിനാണെന്നും കോടതി ചോദിച്ചു.
എടച്ചേരി പൊലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ രമ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഗൂഢാലോചന അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസാണിതെന്നും നേരത്തേ ഈ വിഷയത്തില്‍ ചോമ്പാല പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കോടതി വെറുതേവിട്ടതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. വധക്കേസ് അന്വേഷിച്ചപ്പോള്‍തന്നെ ഗൂഢാലോചനയും അന്വേഷിച്ചതല്ലേ, ഇനി എന്തിനാണ് വേറൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചോദിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ വീണ്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സംശയാസ്പദമാണ്. ആവശ്യമെങ്കില്‍ ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്നും കോടതി വ്യക്തമാക്കി.
ഒരേ വിഷയത്തില്‍ രണ്ട് എഫ്.ഐ.ആര്‍ പാടില്ലെന്ന് കൂത്തുപറമ്പിലെ ടി.ടി ആന്റണി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 16ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."