കേരളത്തിന്റെ കഴിവുകേട് തമിഴ്‌നാടിന് അനുഗ്രഹമാകുന്നു
പാലക്കാട്: കാവേരി നദിയില്‍ ആകെയുള്ള 740 ടി.എം.സി ജലത്തില്‍ 419 ടി.എം.സിയും തമിഴ്‌നാട് നേടിയെടുത്തപ്പോള്‍ പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട ഏഴേകാല്‍ ടി.എം.സി ജലം വാങ്ങിയെടുക്കാന്‍ കേരളത്തിന് കഴിയുന്നില്ല. വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിലൂടെ കര്‍ണാടകക്ക് അവകാശപ്പെട്ട വെള്ളം തമിഴ്‌നാട് നേടിയെടുക്കുകയായിരുന്നു.
കാവേരി ട്രൈബ്യൂണലില്‍ കീഴ്‌നദീതട അവകാശം പറഞ്ഞാണ് തമിഴ്‌നാട് ഇത്രയധികം വെള്ളം കൈവശപ്പെടുത്തിയത്. ഇതേ അവകാശം ഉന്നയിച്ചാല്‍ കേരളത്തിന് 21 ടി.എം.സിയോളം വെള്ളം നേടിയെടുക്കാന്‍ കഴിയുമെന്നിരിക്കെ ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനോ അന്തര്‍ സംസ്ഥാന നദീജലം പങ്കിടുന്നതിനായി രൂപീകരിച്ച സംയുക്ത ജലക്രമീകരണ ബോര്‍ഡില്‍ ഈ ആവശ്യം ഉന്നയിക്കാനോ ഉദ്യോഗസ്ഥര്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ 59 വര്‍ഷമായിട്ടും ബോര്‍ഡ് യോഗത്തില്‍ കേരളത്തിന്റെ എതിരഭിപ്രായം പറയാന്‍ തയാറായിട്ടില്ല.
കാവേരിയില്‍നിന്ന് കര്‍ണാടകത്തിന് 270 ടി.എം.സിയും കേരളത്തിന് 30 ടി.എം.സിയും പുതുച്ചേരിക്ക് 7 ടി.എം.സിയും വെള്ളം നല്‍കണമെന്നാണ് കാവേരി ട്രൈബ്യൂണല്‍ വിധിയിലുള്ളത്. ഇനിയും കൂടുതല്‍ വെള്ളം കാവേരിയില്‍നിന്ന് നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിന് നല്‍കിയിട്ടുള്ള 30 ടി.എം.സി വെള്ളം കേരളം ഉപയോഗിക്കാത്തതിനാല്‍ തമിഴ്‌നാടിനു വിട്ടുനല്‍കണമെന്നും അവര്‍ വാദിക്കുന്നുണ്ട് . ഈ വെള്ളം ഉപയോഗിച്ച് 15,000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിതേടി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്. കേന്ദ്രസര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതികള്‍ക്കെല്ലാം അനുമതി നല്‍കുമെന്നാണ് സൂചന. ഇതിനു കേരളാ സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്നാണ് വിവരം. അട്ടപ്പാടി ഭവാനിപ്പുഴയില്‍നിന്ന് 6 ടി.എം.സിയും കബനിയില്‍നിന്ന് 21 ടി.എം.സിയും പാമ്പാറില്‍നിന്ന് 3 ടി.എം.സിയും വെള്ളം കേരളത്തിന് ഉപയോഗിക്കാമെന്നിരിക്കെ ഇത് ഉപയോഗിക്കുന്നില്ല. ശിരുവാണി പുഴയിലെ 2.87 ടി.എം.സി വെള്ളം ഉപയോഗിച്ച് അട്ടപ്പാടി മേഖലയിലെ കൃഷിയുണക്കം പരിഹരിക്കാനും ഭവാനി പുഴയില്‍ രണ്ടു തടയണ നിര്‍മിക്കാനും നടത്തിയ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തമിഴ്‌നാട് തടസ്സപ്പെടുത്തിയിരിക്കുകയാണ്. ശിരുവാണി ഡാമില്‍നിന്ന് അടിത്തട്ടിലെ വെള്ളം മുഴുവന്‍ ചോര്‍ത്തിയെടുക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയതും വിവാദമായിരുന്നു. കേരളത്തിലെ മാറിമാറിവന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.
പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഒന്നരക്കോടിയോളംവരുന്ന ജനങ്ങളുടെ കുടിവെള്ളവും പാലക്കാട്ടെ 28,000 ഏക്കറില്‍ ജലസ്സേചന സൗകര്യവും ഇല്ലാതാക്കുന്ന നടപടികളാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ നടത്തിവരുന്നത്. തമിഴ്‌നാടിനെ പിണക്കിയാല്‍ അവിടത്തെ മലയാളികള്‍ക്ക് ദോഷമുണ്ടാകുമെന്നാണ് ഇതിനു പറയുന്ന ന്യായം. അതിനാല്‍ മലയാളികള്‍ക്ക് ദോഷമുണ്ടാകുമെന്ന പ്രചാരണം തമിഴ്‌നാടിനെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. തമിഴ്‌നാട്ടില്‍നിന്ന് കൈക്കൂലി വാങ്ങി കേരളത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചു നില്‍ക്കുകയാണെന്ന് 1994ലെ നിയമസഭാ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആ കമ്മിറ്റിയില്‍ അംഗമായിരുന്ന കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ ഉദ്യോഗസ്ഥര്‍ ആറു കോടി കൈക്കൂലി വാങ്ങി കേരളത്തെ ഒറ്റുകൊടുക്കുകയാണെന്ന് കഴിഞ്ഞമാസം ആരോപിച്ചിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സത്യദാസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."