പൗരത്വ രജിസ്റ്റര്‍: അസം-ബംഗാള്‍ സര്‍ക്കാരുകള്‍ തമ്മില്‍ പോര്
ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പ്രഖ്യാപിച്ച അസം സര്‍ക്കാരിനെതിരായ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരാമര്‍ശം ഇരു സംസ്ഥാനങ്ങളും തമ്മില്‍ തുറന്ന പോരിന് വഴിവയ്ക്കുന്നു.
അസം സര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത് അവിടെ കുടിയേറിയ ബംഗാളികളെ പുറത്താക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് മമതാ ബാനര്‍ജി ആരോപിച്ചത്.
മമതയുടെ ആരോപണം സുപ്രിം കോടതി ഉത്തരവിനെപോലും അവഹേളിക്കുന്നതാണെന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.
ദേശീയ പൗരത്വ രജിസ്റ്ററിനോട് അസമിലെ ജനങ്ങള്‍ അനുകൂലമായിട്ടാണ് നിലപാട് എടുത്തിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രജിസ്റ്ററിനെ അനുകൂലിക്കുന്നുണ്ട്.
ഇതിന് പുറമെ വിദ്യാര്‍ഥി സംഘടനകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകളും സര്‍ക്കാരിന്റെ ഉദ്യമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്നിട്ടും ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ലെന്ന് അസം സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ ചന്ദ്രമോഹന്‍ പട്ടോവരി പറഞ്ഞു.
ബംഗാളിലെ ഭീര്‍ഭം ജില്ലയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് അസം സര്‍ക്കാരിനെതിരേ മമത ആക്ഷേപം ഉന്നയിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ കോപം അനാവശ്യമാണെന്നും അസമിലെ ജനങ്ങളെ അവര്‍ അവഹേളിക്കുകയാണെന്നുമാണ് ചന്ദ്രമോഹന്‍ ആരോപിച്ചത്.
ബംഗാളി സംസാരിക്കുന്ന ജനങ്ങളെ അസമില്‍ നിന്ന് പുറത്താക്കുന്നതിനുവേണ്ടിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നത്. അസം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തീകൊണ്ടാണ് കളിക്കുന്നതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
അസമീസല്ലാത്തവരെ പുറത്താക്കിയാല്‍ അവിടത്തെ ബംഗാളികള്‍ നോക്കിനില്‍ക്കില്ലെന്നും മമത ഭീഷണി മുഴക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."