വിവേകത്തിന്റെ വിശുദ്ധി
'എന്റെ ചുണക്കുട്ടികളെ, നിങ്ങളൊക്കെ വന്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍
പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്ക് വേണം. നായ്ക്കളുടെ കുരകേട്ട് ഭയപ്പെടരുത്. എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ.'യുവാക്കളോട് ഇങ്ങനെ ആഹ്വാനം ചെയ്തത് സ്വാമി വിവേകാനന്ദനായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ജനുവരി 12ന്. ഇന്ത്യയൊട്ടാകെ ഈ ദിനം ദേശീയ യുവജനദിനമായാണ് ആചരിച്ചുവരുന്നത്.
നരേന്ദ്രന്‍
വേദാന്ത തത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ശക്തനായ വക്താവായിരുന്നു സ്വാമി വിവേകാനന്ദന്‍. ഇന്ത്യയിലെങ്ങും സ്വാധീനമറിയിച്ച ആത്മീയ ഗുരുവായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും യുവത്വത്തെ തൊട്ടുണര്‍ത്തി. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയമില്ലാത്ത പ്രബോധനങ്ങള്‍ക്കൊണ്ടും അനുയായികളെ സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനു സാധിച്ചു.
1863 ജനുവരി 12ന് കല്‍ക്കത്തക്കടുത്ത സമ്പന്നകുടുംബത്തിലാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. വിശ്വനാഥ് ദത്തയും ഭുവനേശ്വരിയുമായിരുന്നു മാതാപിതാക്കള്‍. ഇവരുടെ പത്തു മക്കളില്‍ ആറാമനായിരുന്നു. നരേന്ദ്രനാഥ ദത്ത് എന്നായിരുന്നു ശരിയായ പേര്.
നരേന്‍, നരേന്ദ്രന്‍ എന്നൊക്കെ അടുപ്പമുള്ളവര്‍ വിളിച്ചു. ധൈര്യവും ദയയും ഹൃദയത്തില്‍ സൂക്ഷിച്ച് ആ ബാലന്‍ വളര്‍ന്നു. വിരേശ്വരന്‍ എന്നായിരുന്നു മാതാവ് നല്‍കിയ പേര്. ഒരിക്കല്‍ കേട്ടത് മറക്കാതിരിക്കാനുള്ള ഓര്‍മശക്തിയുണ്ടായിരുന്നു.
കോളജ് പഠനകാലത്ത് ശ്രീരാമകൃഷ്ണ പരമഹംസനുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രനില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വലിയ തോതില്‍ സ്വാധീനിച്ചു. നാലു വര്‍ഷത്തിലേറെ നീണ്ട ഗുരുശിഷ്യബന്ധത്തിലേക്കാണ് ആ കൂടിക്കാഴ്ച വഴിവച്ചത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ സമാധിയായതോടെ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യം എറ്റെടുത്തു.
വിവിദിഷാനന്ദന്‍
വിവേകാനന്ദന്റെ ആവിര്‍ഭാവം ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. പരമഹംസരുടെ ദര്‍ശനങ്ങളുമായി സഞ്ചാരം ആരംഭിച്ച നരേന്ദ്രന്‍ വിവിധ പേരുകളിലാണ് അറിയപ്പെട്ടത്. ജ്ഞാനാന്വേഷണത്തില്‍ ആനന്ദം കണ്ടെത്തുന്നവന്‍ എന്ന അര്‍ഥമുള്ള വിവിദിഷാനന്ദന്‍ എന്ന പേരായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഖെത്രി രാജകൊട്ടാരത്തില്‍ പണ്ഡിതനായിരുന്ന രാജാജി ബഹദൂറാണ് വിവേകാനന്ദന്‍ എന്ന പേര് നിര്‍ദേശിക്കുന്നത്.
ഭാരതപര്യടനം
1890 ജൂലൈയില്‍ ഇന്ത്യയിലൊട്ടാകെ അദ്ദേഹം സന്ദര്‍ശനത്തിനായി പുറപ്പെട്ടു. കൂടുതല്‍ ശക്തമായ ചിന്തയുയര്‍ത്തിയ യാത്ര. ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള ആ സഞ്ചാരം അദ്ദേഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. മനുഷ്യന്റെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും അദ്ദേഹത്തെ ദു:ഖിപ്പിച്ചു. ഇതിനൊക്കെ കാരണമാകുന്നത് നിരക്ഷരതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതി മതഭ്രാന്തിന്റെയും ഇടപെടലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
യാത്രയ്ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരെ അദ്ദേഹം കാണാനിടയായി. ആ യാത്ര കേരളത്തിലൂടെയും കടന്നുപോയി. കന്യാകുമാരിയിലെത്തിയപ്പോള്‍ കടലില്‍ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന് അവിടെ ധ്യാനനിരതനായി. ആ പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. ഇവിടെ ധ്യാനനിരതനായിരിക്കെയാണ് ചിക്കാഗോ സര്‍വമതസമ്മേളനത്തെ കുറിച്ച് ശിഷ്യരില്‍ നിന്നറിയുന്നതും അങ്ങോട്ട് പോകാന്‍ തീരുമാനമെടുക്കുന്നതും.
ചിക്കാഗോ സമ്മേളനം
കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിക്കാഗോയില്‍ മത മഹാസമ്മേളനം സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഏറെ പേര്‍ സമ്മേളനത്തില്‍ എത്തിയിരുന്നു. ആദ്യം സമ്മേളനത്തില്‍ സംസാരിക്കുവാന്‍ വിവേകാനന്ദന് അവസരം ലഭിച്ചിരുന്നില്ല. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന ജെ.എച്ച് റൈറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്.
കാര്യമായ തയാറെടുപ്പുകളില്ലാതെയായിരുന്നു പ്രസംഗം. എന്നാല്‍ 'അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ' എന്ന അഭിസംബോധനയോടെ ആരംഭിച്ച പ്രസംഗത്തിന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഭാരതീയസംസ്‌കാരത്തെ പരിചയപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളില്‍ രാജ്യത്തെ കുറിച്ച് വലിയ അറിവ് പകര്‍ന്നുനല്‍കി. അവിടുത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.
ചിക്കാഗോ സമ്മേളനത്തിനുശേഷം എതാനും വര്‍ഷങ്ങള്‍ വിവേകാനന്ദന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം തുടര്‍ന്നു. ഭാരതീയ സംസ്‌കാരത്തെ കുറിച്ചും പ്രചാരണം നടത്തി. ഇക്കാലത്ത് വിദേശത്ത് അദ്ദേഹം അനേകം ശിഷ്യന്മാരെയും നേടി. ഇവരോടൊപ്പമാണ് ഇന്ത്യയില്‍ തിരികെയെത്തിയത്. വൈകാതെ രണ്ടാം ഭാരതപര്യടനം ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ശ്രോതാക്കളെ ആവേശം കൊള്ളിച്ചു. രാമകൃഷ്ണമഠങ്ങള്‍ സ്ഥാപിച്ച് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിവേകാനന്ദന്‍ മുന്നില്‍ നിന്നു. 1902 ജൂലൈ 4ന് അദ്ദേഹം അന്തരിച്ചു.
കേരളസന്ദര്‍ശനത്തിന് 125
1892ലാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. ഡോ.പല്‍പ്പുവിനെ കണ്ടതിനെ തുടര്‍ന്നാണ് കേരളത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചത്. അക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന ജാതിവ്യവസ്ഥയും അയിത്താചരണവുമെല്ലാം പല്‍പ്പു അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഉന്നത നിലയില്‍ ഡോക്ടര്‍ പരീക്ഷ പാസായ ഈഴവ ജാതിയില്‍ പെട്ട പല്‍പു തിരുവിതാംകൂര്‍ രാജാവിനെ മുഖം കാണിച്ചപ്പോള്‍ കുലത്തൊഴില്‍ തന്നെ ചെയ്യാനായിരുന്നു കല്‍പന. ഈ അറിവ് വിവേകാനന്ദനെ വല്ലാതെ ഞെട്ടിച്ചു.
1892 നവംബര്‍ 27ന് പാലക്കാട് വണ്ടിയിറങ്ങിയ അദ്ദേഹം ഷൊര്‍ണൂരിലേക്കും അവിടെ നിന്നു ചെറുതുരുത്തിയിലും തൃശൂരുമെത്തി. കൊടുങ്ങല്ലൂരിലെത്തി മൂന്ന് ദിവസം കാത്തുനിന്നിട്ടും അദ്ദേഹത്തെ ദേവീക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. അന്യനാട്ടുകാരനായതിനാല്‍ ജാതി തിരിച്ചറിയാനാവാത്തതായിരുന്നു കാരണം. എറണാകുളത്തെത്തിയ അദ്ദേഹം ചട്ടമ്പി സ്വാമികളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് അദ്ദേഹത്തിന് രാജകുടുംബം ആതിഥ്യമൊരുക്കി.
ജാതീയത കൊടികുത്തി വാണിരുന്ന കാലത്താണ് വിവേകാനന്ദന്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നത്. അന്ന് നിലവിലിരുന്ന സാമൂഹികാന്തരീക്ഷം വിലയിരുത്തിയശേഷമാണ് കേരളം ഭ്രാന്താലയമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായത്.
വിവേക മൊഴികള്‍
- വേദങ്ങളും ഖുറാനും ബൈബിളും സമജ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.
- അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
- ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.
- രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം, അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്വവും ലഭിച്ചിട്ടുള്ളൂ എന്ന്.
- വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.
- ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്.
- ഭാവിയില്‍ എന്തായിത്തീരുന്നുവോ അത് ഇന്ന് നമ്മള്‍ ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും പരിണതിയായിരിക്കും.
- ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല. ഓടിയൊളിക്കാന്‍ നോക്കേണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറന്നേക്കൂ.
- ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
- ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെ കളയുക.
- വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
- ധീരമായി മരിക്കുന്നത് ഭയന്നു ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്.
- സത്യത്തിനുവേണ്ടി എന്തും ബലി കഴിക്കാം. എന്തിനെങ്കിലും വേണ്ടി സത്യം ബലികഴിക്കപ്പെടാന്‍ പാടില്ല.
- ഉണരുക. എഴുന്നേല്‍ക്കുക. ലക്ഷ്യത്തിലെത്തുംവരെ പ്രയത്‌നിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."