ബഹ്‌റൈനിലെ ടീനേജ് വിദ്യാര്‍ഥി സംഗമം ശ്രദ്ധേയമായി
മനാമ: ടീനേജ് വിദ്യാര്‍ഥികള്‍ക്കായി ടീന്‍ ഇന്ത്യ സംഘടിപ്പിച്ച സംഗമം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മതങ്ങളും മനുഷ്യരും പരാജയപ്പെടുന്നിടത്ത് പ്രതീക്ഷയുടെ സന്ദേശവുമായി പ്രത്യക്ഷപ്പെടുന്നതാണ് ദൈവിക പ്രത്യയശാസ്ത്രമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. കലഹങ്ങളും കലാപങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ആദര്‍ശത്തിലൂന്നിയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അങ്ങിനെയുള്ള ജീവിതമാണ് ഭാവി ഭാസുരമാക്കുന്നതും ലക്ഷ്യബോധം നല്‍കുന്നതും. പ്രായമായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് അവരെ ബഹുമാനിക്കാനും അനുസരിക്കാനും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. തിന്മകളില്‍ നിന്നും ഒഴിവായി നില്‍ക്കാന്‍ കരുത്ത് നല്‍കുന്ന ആദര്‍ശ ദൃഢത ആര്‍ജിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ടീന്‍സ് കോര്‍ഡിനേറ്റര്‍ അബ്ബാസ് മലയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിദ ഖുര്‍ആന്‍ പാരായണം നടത്തി. മനാമ ഏരിയ ഓര്‍ഗനൈസര്‍ എം.ബദ്‌റുദ്ദീന്‍, എന്‍.വി അബ്ദുല്‍ ഗഫൂര്‍, നൗഷാദ്, സഈദ റഫീഖ്, ബുഷ്‌റ റഫീഖ്, റഷീദ സുബൈര്‍, പി.വി ഷഹ്നാസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
മാനസിക സമ്മര്‍ദം ഒഴിവാക്കിയാല്‍ ജീവിതം സന്തോഷ പ്രദമാകും
മനാമ: മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ സാധിച്ചാല്‍ ജീവിതം സന്തോഷദായകമാക്കാന്‍ സാധിക്കുമെന്ന് പ്രശസ്ത കൗണ്‍സിലിങ് വിദഗ്ധന്‍ ഡോ. ശ്യാം കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫ്രന്റ്‌സ് ബഹ്‌സെന്‍ സംഘടിപ്പിച്ച 'മാനസിക സമ്മര്‍ദം എങ്ങിനെ ഒഴിവാക്കാം' എന്ന വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം ജീവിതമെന്നത് സുഖവും ദു:ഖവും നിറഞ്ഞതാണെന്നും ഏത് സംഭവങ്ങള്‍ക്കും അതിര് കവിഞ്ഞ പ്രാധാന്യം നല്‍കുക വഴി മനസ്സിനെപ്രശ്‌നങ്ങള്‍ അലട്ടുന്ന ഒന്നാക്കി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കണമെന്നും മനസ്സിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ ആരോഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.കെ ഫാജിസിന്റെ പ്രാര്‍ഥനയോടെ സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് ജമാല്‍ നദ് വി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ സലീം സ്വാഗതമാശംസിക്കുകയും യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി വി.കെ അനീസ് നന്ദി പറയുകയും ചെയ്തു. ഡോ. ശ്യാം കുമാറിനുള്ള ഉപഹാരം ഫ്രന്റ്‌സ് പ്രസിഡന്റ് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."