കെ.എസ്.ആര്‍.ടി.സി യാത്രാ കാര്‍ഡ് നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം: സ്ഥിരംയാത്രക്കാരെ ആകര്‍ഷിക്കാനായി കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കിയ യാത്രാ കാര്‍ഡ് സംവിധാനം നിര്‍ത്തലാക്കുന്നു. വരുമാനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് ആദ്യ പടിയെന്ന നിലയില്‍ അധികൃതര്‍ നിര്‍ത്തലാക്കുക. രാജമാണിക്യം എം.ഡിയായിരുന്നപ്പോഴായിരുന്നു കാര്‍ഡ് പരിഷ്‌കാരം നടപ്പിലാക്കിയത്. 2017 ജനുവരി 25 മുതല്‍ ഡിപ്പോകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങി. ഓര്‍ഡിനറി നിരക്കുകള്‍ക്ക് സഞ്ചരിക്കാവുന്ന ബസുകളില്‍ 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡ്, ഓര്‍ഡിനറി ബസുകള്‍ക്കു പുറമേ ജന്റം നോണ്‍ എ.സി ബസുകളിലും യാത്ര ചെയ്യാന്‍ 1500ന്റെ സില്‍വര്‍ കാര്‍ഡ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളില്‍ 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്, ജന്റം എ.സി ബസുകളില്‍ യാത്ര ചെയ്യാന്‍ 5000 രൂപയുടെ പ്രീമിയം കാര്‍ഡ് എന്ന നിരക്കിലാണ് കെ.എസ്.ആര്‍.ടി.സി കാര്‍ഡുകള്‍ ഇറക്കിയത്. ഒരു കാര്‍ഡ് ഒരു മാസത്തേക്ക് എന്ന രീതിയില്‍ ഉപയോഗിക്കാവുന്നതാണ് പദ്ധതി.
നിശ്ചിത തുകയ്ക്ക് മാസം ജില്ലയ്ക്കകത്തും പുറത്തും യാത്രാകാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നതാണ് യാത്രക്കാര്‍ക്കിടയില്‍ കാര്‍ഡിന് സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. യാത്രാപരിധിയില്ലാത്തതിനാല്‍ ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും യാത്രചെയ്യാം. ദിവസം അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം കാര്‍ഡ് ഉപയോഗിക്കുന്നവരാണ് അധികവും. 1000 രൂപയുടെ കാര്‍ഡുകള്‍ ഒരു യാത്രക്കാരന്‍ 2000 രൂപയില്‍ കൂടുതല്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബസില്‍ യാത്രക്കാര്‍ കൂടിയെങ്കിലും വരുമാനം കുറഞ്ഞു. ഇനി കിട്ടുന്ന ലാഭമാകട്ടെ കാര്‍ഡുകള്‍ അച്ചടിക്കുന്നതിലൂടെ നഷ്ടത്തില്‍ കലാശിക്കുന്നതാണ് പതിവ്. ഒരു കാര്‍ഡിന് 20 രൂപ 54 പൈസ വീതം ഓരോ മാസവും കെ.എസ്.ആര്‍.ടി.സി ചെലവഴിക്കേണ്ടി വരുന്നു. ഇതിനാല്‍ വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് കാര്‍ഡുകള്‍ പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."