വിദ്യാലയങ്ങള്‍ നാളെ മുതല്‍ 'ഗ്രീന്‍ പ്രോട്ടോകോള്‍' പരിധിയില്‍
ചെറുവത്തൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ നാളെ മുതല്‍ 'ഗ്രീന്‍ പ്രോട്ടോകോള്‍' പരിധിയില്‍. രാവിലെ പത്തിന് പ്രത്യേക അസംബ്ലി ചേര്‍ന്ന് വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കാനാണ് നിര്‍ദേശം. തുടര്‍ന്ന് രക്ഷിതാക്കളും, പൂര്‍വ വിദ്യാര്‍ഥികളും, വിദ്യാലയ അഭ്യുദയകാംക്ഷികളും ചേര്‍ന്ന് വിദ്യാലയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യും. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷന്‍ അധികൃതരുമായി ബന്ധപ്പെട്ട് നീക്കം ചെയ്യാനാണ് നിര്‍ദേശം. 11 മണിക്ക് ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം കൈകോര്‍ത്ത് വിദ്യാലയത്തിന് മുന്നില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞയെടുക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കുമെന്നും, വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുമെന്നും, തണലും തണുപ്പും നല്‍കി വിദ്യാലയങ്ങളെ ഹരിതാഭമാക്കുമെന്നുമുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രതിജ്ഞ.
കുട്ടികളുടെ പഠനം തടസപ്പെടാത്ത രീതിയിലാകും പരിപാടി സംഘടിപ്പിക്കുക. മൈക്കോ, പ്രസംഗങ്ങളോ വേണ്ടെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍ നേരത്തെതന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."