റിസോര്‍ട്ടിനായി നിലംനികത്തിയ കേസില്‍ ഹിയറിങ് 15ന്
കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിലം നികത്തിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
എന്നാല്‍, നിലം നികത്തിയിട്ടില്ലെന്നും ഇതു പരിശോധിച്ച് ഉറപ്പുവരുത്താന്‍ സ്ഥലപരിശോധന നടത്തിയിട്ടില്ലെന്നും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മറുപടി നല്‍കി. തുടര്‍ന്ന് അന്തിമ നടപടി എടുക്കുന്നതിന് കലക്ടര്‍ നല്‍കിയ നോട്ടിസിന് തങ്ങളുടെ വാദങ്ങള്‍ ഉന്നയിച്ച് മറുപടി നല്‍കാന്‍ കമ്പനിക്ക് പത്ത് ദിവസം സമയം ഹൈക്കോടതി അനുവദിച്ചു.
ജനുവരി എട്ടിന് നിശ്ചയിച്ചിരുന്ന കലക്ടറുടെ ഹിയറിങ് ഇതിനായി ജനുവരി 15ലേക്ക് മാറ്റി. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നിലം നികത്തിയെന്ന നിരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം കലക്ടര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നികത്തിയെന്ന് കണ്ടെത്തിയ സ്ഥലം ലീലാമ്മ ഈശോയെന്ന വ്യക്തിയുടേതാണെന്നും തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയത് നിയമപരമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. പരിസരവാസികള്‍ക്കൊപ്പം റിസോര്‍ട്ട് അധികൃതരും ഭൂവുടമയുടെ അനുമതിയോടെ സ്ഥലം പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ നിലം നികത്തല്‍ ആരോപിച്ച് നടപടി എടുക്കാനൊരുങ്ങുകയാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."