ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
മഞ്ചേരി: ഫുട്‌ബോള്‍ കളിക്കിടെയുള്ള സംഘര്‍ഷത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കാരക്കുന്ന് പുലത്ത് പാറേങ്ങല്‍ അബ്ദുല്‍ നാസര്‍(26) നെ വണ്ടൂര്‍ തായംകോട് നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊലപ്പെടുത്തിയ കേസിലാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് എസ്.സി, എസ്.ടി പ്രത്യേക കോടതി ജഡ്ജ് കെ. സുഭദ്രാമ്മ ശിക്ഷ വിധിച്ചത്.
തിരുവാലി തായംകോട് പുലത്ത്പുളിക്കല്‍ കോടാലി ഫയാസ്(34), തായംകോട് പാലയില്‍ ജയരാജന്‍ എന്ന മണി(45), നടുവത്ത് കൊറ്റങ്ങോടന്‍ ഷംസുദ്ദീന്‍ എന്ന ബാപ്പു(46), തായംകോട് പുലിക്കോട്ട് മറ്റത്ത് പൂക്കോയ തങ്ങള്‍(50), ആയത്ത്കുന്ന് മണലായി അനൂപ്(30), കുട്ടശ്ശേരി ശിഹാബുദ്ദീന്‍ എന്ന ബാബൂസ്(36), കുട്ടശ്ശേരി നൗഷാദ്(29), കുട്ടശ്ശേരി ജാബിര്‍(48) എന്നീ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. തെളിവുകളില്ലെന്നതിനാല്‍ തായംകോട് മറ്റത്ത് സജാദ്, പടകാളിപ്പറമ്പ് എലഞ്ചീരി ചാത്തന്‍, പുലത്ത് പുലിക്കോട്ടില്‍ ബിനോസ് എന്ന ബിനു, കുട്ടശ്ശേരി സജിത് മോന്‍ എന്ന സജിത് എന്നിവരെ കോടതി വെറുതേ വിട്ടു. ഓരോ പ്രതിയും പതിനായിരം രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവും അനുഭവിക്കണം.
കൊലപാതകത്തിന് ജീവപര്യന്തം തടവും, ഗൂഢാലോചന നടത്തിയതിന് മറ്റൊരു ജീവപര്യന്തവുമാണ് ശിക്ഷ. അന്യായമായി സംഘം ചേര്‍ന്നതിന് അറ് മാസവും, സംഘം ചേര്‍ന്ന് കലാപം നടത്തിയതിന് ഒരു വര്‍ഷം തടവും, മാരകായുധങ്ങളുപയോഗിച്ച് കലഹമുണ്ടാക്കിയതിന് രണ്ട് വര്‍ഷം തടവും, മാരകായുധങ്ങളുപയോഗിച്ച് പരുക്കേല്‍പ്പിച്ചതിന് രണ്ട് വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2008 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. തായംകോട് വട്ടക്കളരി മൈതാനത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് രണ്ടുടീമുകളും ഏറ്റുമുട്ടിയത്്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി അനുവദിച്ചതുസംബന്ധിച്ച് ടീമുകള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഏറ്റുമുട്ടിയത്. 20 പേരോളം വരുന്ന സംഘം അബ്ദുള്‍നാസറിനെ ആക്രമിച്ചെന്നാണ് കേസ്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരക്കഷ്ണം, വടി, കല്ല്, എന്നിവ ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."