തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. രാമരാജ പ്രേമപ്രസാദിനെതിരേയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ അഴിമതികള്‍ സംബന്ധിച്ച പരാതിയിലാണ് അന്വേഷണം.
2013-15 കാലയളവില്‍ ക്ഷേത്രത്തില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ അറിഞ്ഞിട്ടും ദേവസ്വം കമ്മിഷണര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്ത്തകന് അജയകുമാറാണ് കോടതിയെ സമീപിച്ചത്.
തങ്കത്തിരുമുടി പുതുക്കിപ്പണിതതിലും അതിനായുള്ള പണപ്പിരിവിലും മാത്രം ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നത്. പുതിയ തങ്കത്തിരുമുടിക്കായി പഴയത് ഉരുക്കിയിരുന്നു. പുറമേ ഒന്നേകാല്‍ കിലോയിലധികം സ്വര്‍ണം സംഭാവനയായി ശേഖരിക്കുകയും ചെയ്തു. എന്നിട്ടും പുതുക്കിപ്പണിത തങ്കത്തിരുമുടിക്ക് നേരത്തെയുണ്ടായിരുന്നതിന്റെ അത്രപോലും ഭാരമില്ല.
ക്ഷേത്രത്തിലെ മറ്റ് ഉത്സവങ്ങളുടെ നടത്തിപ്പിലും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. പിരിവുകളുടെ രസീതുകള്‍ മുഴുവനായി ഓഡിറ്റ് സംഘത്തിനുമുന്നില്‍ ഹാജരാക്കാനും ക്ഷേത്രോപദേശക സമിതി തയാറായില്ല. ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന കമ്മിഷണര്‍ ക്ഷേത്രോപദേശക സമിതിയുടെ കാലാവധി നീട്ടിനല്‍കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."