ജല്ലിക്കെട്ട് നിരോധനം തുടരണമെന്ന് മൃഗസ്നേഹികളും
ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നടത്തിപ്പിനായി തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിനെ ചോദ്യം ചെയ്ത് മൃഗ സംരക്ഷണ ബോര്‍ഡും വിവിധ മൃഗസംരക്ഷണ സംഘടനകളും സുപ്രിം കോടതിയെ സമീപിച്ചു. ഇവര്‍ നല്കിയ ഹരജി പരിഗണിക്കാന്‍ കോടതി സന്നദ്ധമായതോടെ ജല്ലിക്കെട്ട് വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയാണ്.
ജല്ലിക്കെട്ട് നിരോധനം നിലനില്‍ക്കെ ഓര്ഡിനന്സിറക്കുകയും പിന്നീട് അടിയന്തരമായി നിയമമാക്കുകയും ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മൃഗസംരക്ഷണ ബോര്‍ഡും വിവിധ മൃഗസംരക്ഷണ സംഘടനകളും കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ജനുവരി 30ന് കേസ് പരിഗണിക്കും. തമിഴ്നാട് സര്‍ക്കാര്‍ ബില്‍ പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ 2016 ജനുവരി 6ന് പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയാറാണെന്നതുസംബന്ധിച്ച ഹരജിയും അന്ന് പരിഗണിക്കും.
ജല്ലിക്കെട്ട് നിരോധിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ തമിഴ്നാട് സര്‍ക്കാരിന്റെ നടപടി കോടതിയലക്ഷ്യമായി കാണണമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ ആവശ്യം. കാളകളെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന മൃഗസ്നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2014ലാണ് ജല്ലിക്കെട്ട് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."