യാസീനിന്റെ വേര്‍പാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി
പയ്യോളി: ഇരിട്ടി പെരുമ്പാടി വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇരിങ്ങത്ത് കുയിമ്പിലുത്ത് പുത്തന്‍പുരയില്‍ യാസീനിന്റെ (19) വേര്‍പാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ ബി.കോമിന് പഠിക്കുകയായിരുന്ന യാസീനിന് കോളജിലും നാട്ടിലും നല്ല സുഹൃദ് ബന്ധമാണുള്ളത്.
എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന യാസീന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നിനാണ് കൂട്ടുകാരോടൊപ്പം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ മൂന്നിന് ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ സമയത്ത് നിയന്ത്രണംവിട്ട ലോറി ഇവര്‍ സഞ്ചരിച്ച ടവേര കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ യാസീന്‍ മരണപ്പെട്ടിരുന്നു. മരണപ്പെട്ട മറ്റു രണ്ടു പേരുടെയും മൃതദേഹം രണ്ടു മണിക്കൂറിന് ശേഷമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
വീരാജ്‌പേട്ട ഗവ. ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് ആറോടെയാണ് മൃതദേഹം ഇരിങ്ങത്ത് വീട്ടിലെത്തിച്ചത്. വീട്ടിലും പരിസരത്തും വന്‍ ജനാവലിയും തടിച്ചുകൂടിയിരുന്നു. നാസര്‍, സീനത്ത് ദമ്പതികളുടെ മൂത്തമകനാണ് യാസീന്‍. ദുരന്തവാര്‍ത്തയറിഞ്ഞ ഉടനെ പിതാവ് നാസര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നു രാവിലെ എട്ടിന് ഇരിങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."