ഫാത്തിമക്ക് തുണയായി ഇനി പീസ് വില്ലേജ്
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ കിടക്കയില്‍ പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടക്കുകയായിരുന്ന അറുപത്തിയൊന്നുകാരിയായ ഫാത്തിമക്ക് ഇനി പിണങ്ങോട് പീസ് വില്ലേജ് ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം അത്താണിയാകും. കഴിഞ്ഞ മാസം ആദ്യവാരമാണ് കാലിന് പൊട്ടല്‍ ഉണ്ടായതിന് ചികിത്സക്കായി ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട ഒരാള്‍ ഇവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രണ്ട് മൂന്ന് ദിവസം ഇയാള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. പിന്നീട് രണ്ട് തവണ ആശുപത്രിയില്‍ വന്ന് പോയതല്ലാതെ പിന്നീട് ഇയാള്‍ ആശുപത്രിയിലെത്തിയിരുന്നില്ല. കുട്ട, നാപ്പോക്ക് സ്‌കൂളിന് സമീപം, നാപ്പോക്ക് എന്നാണ് ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. കാലിന് സാരമായി പരുക്ക് ഉള്ളതിനാല്‍ ഫാത്തിമക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. സംസാരശേഷിയുമില്ല. കൂടാതെ ഒരു കണ്ണിന് കാഴ്ച കുറവുമുണ്ട്. മറ്റ് രോഗികളാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ചാത്തുള്ളില്‍ നൗഷാദാണ് താന്‍ കൂടി അംഗമായ പീസ് ഫൗണ്ടേഷനില്‍ വിവരമറിയിച്ച് ഫാത്തിമയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരുടെ തുടര്‍ചികിത്സയും പരിചരണവും പീസ് വില്ലേജിലെ സ്ത്രീകള്‍ക്കായുള്ള ഓള്‍ഡ് ഏജ് ഹോമില്‍ നല്‍കുമെന്ന് കോഡിനേറ്റര്‍ അബ്ദുല്ല പാച്ചൂരാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."