രോഗലക്ഷണം കണ്ടാല്‍ ചികിത്സാ ക്യാംപുകള്‍ സജ്ജമാക്കും
പാലക്കാട്: കുഷ്ഠരോഗനിവാരണത്തിനായി ജില്ലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ജില്ലയിലെ അങ്കണവാടികളിലും സ്‌കൂളുകളിലും മൂന്ന് മുതല്‍ 17 വയസു വരെയുളള കുട്ടികളിലും ബ്ലോക്ക് തലത്തിലും പരിശോധന നടത്തുന്നുണ്ട്. ആദ്യപടിയായി അഞ്ച് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നവംബറിലാണ് പരിശോധന ആരംഭിച്ചത്. ജൂനിയല്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാരുടേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും മേല്‍നോട്ടത്തില്‍ ത്വക്ക് പരിശോധനയും കുഷ്ഠരോഗ നിര്‍ണയവുമാണ് നടത്തുന്നത്. രോഗ ലക്ഷണം കണ്ടെത്തുന്ന പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ത്വക്ക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ ചികിത്സാ ക്യാംപ് സജ്ജീകരിക്കുന്നുണ്ട്. അഗളി, കുഴല്‍മന്ദം, കൊടുവായൂര്‍, കോങ്ങാട്, നന്ദിയോട് എന്നിവിടങ്ങളിലാണ് നിലവില്‍ പരിശോധന നടന്നു വരുന്നത്. ജില്ലയില്‍ ഇതുവരെ 58 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലു പേര്‍ കുട്ടികളാണ്. വളരെ കുറഞ്ഞ ശതമാനം രോഗബാധിതരാണ് ജില്ലയിലുള്ളതെങ്കിലും കുട്ടികളിലെ രോഗബാധ ജാഗ്രതയോടെ കാണണമെന്ന് ഡി.എം.ഒ അറിയിച്ചു.
കുഷ്ഠരോഗ ലക്ഷണങ്ങള്‍: നിറം മങ്ങിയതോ ചുവപ്പ് കലര്‍ന്നതോ ചെമ്പ് നിറമുള്ളതൊ ആയ ഓറഞ്ച് തൊലി പോലെയുളള തിണര്‍പ്പുകള്‍, തിണര്‍പ്പ് പരന്നതോ ഉയര്‍ന്നതോ അരികുകള്‍ തടിച്ചതോ ആയിരിക്കാം, ചൊറിച്ചിലൊ വേദനയോ ചൂടോ, തണുപ്പൊ തിണര്‍പ്പുകളില്‍ അനുഭവപ്പെടില്ലെന്ന് മാത്രമല്ല സ്പര്‍ശനശേഷി നഷ്ടപ്പെടുകയോ കുറഞ്ഞിരിക്കുകയൊ ചെയ്യും, ചെവി, മറ്റ് ശരീരഭാഗങ്ങളിലെ ചെറുമുഴകള്‍, കൈകാലുകളില്‍ തരിപ്പ്, മരവിപ്പ്, ഞരമ്പുകളില്‍ വേദന. രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കള്‍ ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നത്.
പ്രതിരോധ ശേഷിയുളള വ്യക്തികളിലേയ്ക്ക് രോഗാണുക്കള്‍ എളുപ്പത്തില്‍ പ്രവേശിക്കുകയില്ല. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുളള നീണ്ട കാലയളവിനു ശേഷമാണ് രോഗലക്ഷ്ണങ്ങള്‍ കാണിച്ചു തുടങ്ങുക.വായുവിലൂടെ പകരുന്ന കുഷ്ഠരോഗത്തിന് കാരണമാകുന്നത് 'മൈക്കോ ബാക്ടീരിയം ലെപ്രെ' എന്ന രോഗാണുവാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍: മേല്‍പറഞ്ഞ രോഗലക്ഷ്ണങ്ങളോ മറ്റേതെങ്കിലും ത്വക്ക് രോഗങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെ ത്വക്ക് രോഗവിഭാഗത്തിലോ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ പരിശോധനയ്ക്ക് വിധേയമാകണം.
കുഷ്ഠരോഗബാധ ഏത് അവസ്ഥയില്‍ ചികിത്സ ആരംഭിച്ചാലും ആറ് മാസത്തിനകമോ ഒരു വര്‍ഷത്തിനകമോ സുഖം പ്രാപിക്കാമെന്ന് ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."