മൊബൈല്‍ഷോപ്പ് ഉദ്ഘാടനത്തിന്റെ പേരില്‍ ഗതാഗതം തടസപെടുത്തി ; ചെന്നൈ മൊബൈല്‍സിനെതിരേ കേസ്
പാലക്കാട്: മൊബൈല്‍ഷോപ്പ് ഉദ്ഘാടനത്തിന്റെ പേരില്‍ ഗതാഗത തടസമുണ്ടാക്കിയ ചെന്നൈ മൊബൈല്‍സിനെതിരേ പൊലിസ് കേസെടുത്തു. സുല്‍ത്താന്‍പേട്ട ഇന്ത്യന്‍കോഫി ഹൗസിന് സമീപത്ത് ഇന്നലെ ആരംഭിച്ച ഷോറും ഉദ്ഘാടനത്തിന് വേണ്ടി മണിക്കൂറുകളാണ് ഗതാഗതം തടസപ്പെട്ടത്. ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഹെഡ്, റീട്ടെലിങ് ഉടമ, അവതാരകര്‍ എന്നിവര്‍ക്കെതിേരയാണ് സൗത്ത് പൊലിസ് കേസെടുത്തത്. തടസം മണിക്കൂറുകള്‍ തുടര്‍ന്നപ്പോള്‍ പൊലിസ് ഗതാഗതം വഴിതിരിച്ചു വിട്ടു.
ഉദ്ഘാടനസമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പൊള്ളയായ ഓഫറുകള്‍ നല്‍കി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് ഗതാഗതം തടസപ്പെടുത്തിയെന്ന് ഷോപ്പിനെതിരേ വ്യാപക പരാതിയുണ്ട്. ജില്ലയില്‍ മൂന്ന് ഷോറുമുകളാണ് ഇന്നലെ ചെന്നൈ മൊബൈല്‍സ് ആരംഭിച്ചത്.
ടി.ബി. റോഡിലും സുല്‍ത്താന്‍പേട്ട ജങ്ഷന് സമീപവും സ്റ്റേഡിയം പരിസരത്തുമാണ് ഷോറുമുകള്‍ തുറന്നത്. മൂന്നിടത്തും മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗത തടസം സൃഷ്ടിച്ച് പരിപാടികളോ യോഗങ്ങളോ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തെ പരസ്യമായി ലംഘിച്ചായിരുന്നു ഉദ്ഘാടന പരിപാടി. ടി.ബി. റോഡില്‍ നടപ്പാതയിലാണ് സ്‌റ്റേജ് കെട്ടിയത്.
ഷോറൂമിന്റെ പണി തുടങ്ങിയത് മുതല്‍ ടി.ബി. റോഡിലെ നടപ്പാത ചെന്നൈ മൊബൈല്‍സ് കൈയ്യേറിയിരുന്നു. നിര്‍മാണ സാമഗ്രകളെല്ലാം നടപ്പാതയിലാണ് സൂക്ഷിച്ചിരുന്നത്.
മാസങ്ങളായി നടപ്പാത കൈയ്യേറിയിട്ടും അധികാരികള്‍ ഇതിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ലെന്ന പരാതി ശക്തമാണ്.
ഉദ്ഘാടനത്തിനെത്തിയ സിനിമാതാരങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തി ഗതാഗത സ്തംഭനം മനഃപൂര്‍വ്വം സൃഷ്ടിക്കാനാണ് ഷോറും ശ്രമിച്ചതെന്നും പരാതിയുണ്ട്. ഓഫിസ് സമയത്ത് ഗതാഗത തടസമുണ്ടായത് നിരവധി പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
താരങ്ങള്‍ എത്തുന്ന പരിപാടിയായതിനാല്‍ സുരക്ഷയൊരുക്കുകയല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കാന്‍ ആ സമയത്ത് പൊലിസും ശ്രമിച്ചില്ല. വഴിയില്‍ കുടുങ്ങിയവര്‍ കാഴ്ചക്കാരായി നിന്നു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശിങ്കാരിമേളം റോഡിലിറങ്ങിയാണ് കൊട്ടിയത്.
ഇതും ഗതാഗത തടസത്തിന് ആക്കംകൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."