കടങ്ങോട് പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമാകുന്നു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഗ്രാമപ്രദേശങ്ങളില്‍ കുന്നിടിച്ച് നടത്തുന്ന വന്‍തോതിലുള്ള മണ്ണെടുപ്പും വ്യാപകമായ നെല്‍ വയല്‍ നികത്തലുമാണ് വരള്‍ച്ചയ്ക്ക് ഇടയാക്കുന്നത്.കടങ്ങോട് പഞ്ചായത്തില്‍ കൊടും വരള്‍ച്ചയാണ് കാലം കാത്ത് വെച്ചിരിക്കുന്നത്. അതിന്റെ സൂചനയെന്നോണം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാവുകയാണ്.
ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത് പഞ്ചായത്തിലെ കടങ്ങോട്, പാറപ്പുറം, എയ്യാല്‍, നെല്ലിക്കുന്ന്, പള്ളിമേപ്പുറം എന്നീ ഗ്രാമങ്ങളിലാണ്. അത്രമാത്രം പ്രകൃതി ചൂഷണമാണ് ഈ പ്രദേശങ്ങളില്‍ നടക്കുന്നത്.
കുന്നിടിച്ച് നിരത്തിയുള്ള വന്‍തോതിലുള്ള മണ്ണെടുപ്പും, ആഴത്തിലുള്ള ചെങ്കല്‍ ഖനവും വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വൃക്ഷ ലതാദികള്‍ ചൂടി തലയുയര്‍ത്തി നിന്നിരുന്ന പല കുന്നുകളും ഇപ്പോള്‍ ഓര്‍മയായി മാറിയിരിക്കുകയാണ്. ജല സംഭരണികളായ കുന്നുകള്‍ യന്ത്ര കൈകള്‍ ഉപയോഗിച്ച് തുരന്ന് ഇപ്പോള്‍ അഗാധ ഗര്‍ത്തങ്ങളാക്കി മാറ്റിയിരിക്കുന്നു. പഞ്ചായത്തിലെ നെല്‍വയലുകളും ഭൂമാഫിയ സംഘങ്ങള്‍ കയ്യടക്കി മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കി കച്ചവടം നടത്തികൊണ്ടിരിക്കുകയാണ്.
പച്ചവിരിച്ച് നിന്നിരുന്ന നെല്‍പാടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. സംരക്ഷകരുടെ ഒത്താശയോടെ നിര്‍ഭയം തുടരുന്ന പ്രകൃതി ചൂഷണങ്ങളുടെ പ്രത്യാഘാതങ്ങള്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ആഴത്തിലുള്ള മണ്ണെടുപ്പ് കൊണ്ട് ഭൂമിക്കടിയിലെ നീരുറവകള്‍ തടസപ്പെട്ട് ദിശമാറി ഒഴുകുന്നതും ജല സംഭരണികളായ നെല്‍പാടങ്ങള്‍ നികത്തുന്നതും രൂക്ഷമായ വരള്‍ച്ചയ്ക്കാണ് ഇടയാക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭൂരിഭാഗം വീടുകളിലേയും കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടിരിക്കുകയാണ്. പ്രകൃതി നശീകരണം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ വരും നാളുകളില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമായിരിക്കും പഞ്ചായത്തില്‍ അനുഭവപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."