മനോനില തെറ്റി നാടുവിട്ട് വടക്കാഞ്ചേരിയിലെത്തിയ വിദ്യാര്‍ഥിക്ക് പൊലിസ് രക്ഷകരായി
വടക്കാഞ്ചേരി: മനോനില തെറ്റി കര്‍ണ്ണാടകയില്‍ നിന്ന് വടക്കാഞ്ചേരിയിലെത്തിയ ഐ.ടി.സി വിദ്യാര്‍ഥിക്ക് വടക്കാഞ്ചേരി പൊലിസ് രക്ഷകരായി. തുംകൂര്‍ കുണ്ടൂര്‍ കിബ്ബനഹള്ളി സ്വദേശി ടി.ചന്ദ്രയ്യയുടെ മകന് തിലക് (19)നെയാണ് എസ്.ഐ കെ.സി രതീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്. കഴിഞ്ഞ രാത്രി പട്രോളിങ്ങിനിടെ കാഞ്ഞിരക്കോട് ഒരു കെട്ടിടത്തിന് മുകളില്‍ നിന്നാണ് പൊലിസ് തിലകിനെ കണ്ടെത്തിയത്.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ ലഭിച്ച ഫോണ്‍ നമ്പറില്‍ തിലകിന്റെ പടം വാട്സാപ്പ് ചെയ്തപ്പോഴാണ് മകനെ നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മാതാ പിതാക്കള്‍ക്ക് മകനെ തിരിച്ച് ലഭിച്ചത്. കര്‍ണാടകയിലെ ശ്രീ ഭുവനേശ്വര ഐ.ടി.സി ഇലക്ട്രിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിലകിനെ കഴിഞ്ഞ ജനുവരി 20 മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയും അന്വേഷണം നടന്ന് വരികയുമായിരുന്നു. പിതാവ് ചന്ദ്രയ്യയും, സഹോദരന് രാഘബേന്ദ്രയും വടക്കാഞ്ചേരിയിലെത്തി തിലകിനെ ഏറ്റുവാങ്ങി. എസ്.ഐ കെ.സി രതീഷ്, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ പി.എ മനാഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."