ബ്രിട്ടീഷ് ദമ്പതികള്‍ ഗാന്ധിഭവന് വസ്തു ദാനം ചെയ്തു
പത്തനാപുരം: ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് ദമ്പതികള്‍ പത്തനാപുരം ഗാന്ധിഭവന് തങ്ങളുടെ പേരിലുള്ള 15 സെന്റ് ഭൂമി ദാനം ചെയ്തു. അശോക് കുമാര്‍ വ്യസ്-അഞ്ജന വ്യാസ് ദമ്പതികളാണ് തിരുവന്തപുരം കോവളം റോഡില്‍ 15 സെന്റ് ഭൂമി ഗാന്ധിഭവന് ദാനാധാരമായി രജിസ്റ്റര്‍ ചെയ്തത്.
2007ല്‍ വാങ്ങിയ ഈ ഭൂമി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ താമസിക്കാനൊരിടമാക്കാനാണ് വാങ്ങിയിരുന്നത്. കോവളത്തെ ഒരു ഹോട്ടല്‍ മാനേജരുടെ സഹായത്തോടെയായിരുന്നു ഭൂമി വാങ്ങല്‍. മൂന്നു മക്കളുള്ള ദമ്പതികളുടെ മൂത്തമകന്‍ നോര്‍ത്ത് ഹെംപ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ കണ്‍സള്‍ട്ടന്റും രണ്ടാമത്തെ മകള്‍ ശീതജവും മൂന്നാമത്തെ മകള്‍ രജ്‌വീയും ഗവേഷണവിദ്യാര്‍ഥിനികളാണ്.
തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭൂമി എന്തുചെയ്യുമെന്ന കാര്യത്തില്‍ ഏറ്റവും മികച്ച ജീവകാരുണ്യത്തിന് നല്‍കണമെന്നായിരുന്നു മക്കളുടെ തീരുമാനം. ഇതിനിടെ, ലണ്ടനിലെ ഒരു കുടുംബത്തില്‍ നിന്നാണ് ഗാന്ധിഭവനെപ്പറ്റി അറിയാനായത്. തുടര്‍ന്ന് ഗാന്ധിഭവനുമായി ബന്ധപ്പെടുകയും ഇന്ത്യയിലെത്തിയ ഉടന്‍ ഗാന്ധിഭവനിലെത്തി ഭൂമി ദാനാധാരമാക്കി ഗാന്ധിഭവന് എഴുതി നല്‍കുകയായിരുന്നു. അശോക് അഞ്ജന ദമ്പതികള്‍ 755-ാംമത് ഗുരുവന്ദന ചടങ്ങില്‍ ഭൂമിയുടെ ആധാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് കൈമാറി. രാജ്‌കോട്ട് സ്വദേശികളായ അശോക് കുമാര്‍ വ്യാസ് വിദ്യാഭ്യാസത്തിന് വേണ്ടി യു.കെയിലേക്ക് പോയശേഷം കെനിയ സ്വദേശിനിയായ അഞ്ജനയെ വിവാഹം കഴിക്കുകയായിരുന്നു. പരീക്ഷണങ്ങളില്‍പ്പെട്ടവരുടെ സംരക്ഷണകേന്ദ്രമാണ് ഗാന്ധിഭവനെന്നും ഇവിടെ അവരുടെ സംരക്ഷകനാണ് ഡോ. പുനലൂര്‍ സോമരാജനെന്നും അശോക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."