ബൈക്കില്‍ സഞ്ചരിച്ചു മാലപൊട്ടിക്കുന്ന ദമ്പതികള്‍ പിടിയില്‍
തൃപ്പൂണിത്തുറ: ബൈക്കില്‍ സഞ്ചരിച്ചു വഴി ചോദിക്കാനെന്ന വ്യാജേന പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന ദമ്പതികളെ പൊലിസ് പിടികൂടി. നെട്ടൂര്‍ നെട്ടുതൃക്ക റോഡില്‍ കളപ്പുരക്കല്‍ വീട്ടില്‍ ലിതീഷ് (32), ഇയാളുടെ ഭാര്യ മായ (34) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ഉദയംപേരൂര്‍ നടക്കാവില്‍ വച്ച് ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്തതില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം തങ്കമ്മ എന്ന സ്ത്രീയുടെയും തൃപ്പൂണിത്തുറ തേവരക്കാവ് അമ്പലത്തിനു സമീപം പ്രായമായ കമലാക്ഷിയുടെയും തൃപ്പൂണിത്തുറ ചൈതന്യ നഗറില്‍ അംബിക എന്ന സ്ത്രീയുടെയും തലയോലപ്പറമ്പ് വടകര ഭാഗത്ത് വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതും ലിതീഷും ഭാര്യ മായയും ചേര്‍ന്നാണ് എന്ന് പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ 21ന് ആമേട ഭാഗത്തുവച്ചു നാരായണി എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച ബൈക്കിന്റെ നമ്പര്‍ ആണ് പൊലിസിന് പ്രതികളെ പിടിക്കുവാന്‍ സഹായിച്ചത്.
ഭാര്യയുമായി യാത്രപോകാനാണെന്നു പറഞ്ഞാണ് പ്രതികള്‍ സുഹൃത്തുക്കളുടെ പക്കല്‍ നിന്നും ബൈക്ക് വാങ്ങിയിരുന്നത്. ഈ ബൈക്കില്‍ കറങ്ങിനടന്നാണ് പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ചു മാലപൊട്ടിച്ചിരുന്നത്. ഭര്‍ത്താവ് ബൈക്കോടിച്ചു പ്രായമായ സ്ത്രീകളുടെ അടുത്ത് എത്തുമ്പോള്‍ പിന്നില്‍ ഇരിക്കുന്ന ഭാര്യ വഴി ചോദിച്ചു നൊടിയിടയില്‍ കഴുത്തില്‍നിന്നും മാല പൊട്ടിച്ചെടുത്തു രക്ഷപെടും.
പ്രതികളില്‍നിന്നും മാല പൊട്ടിക്കാന്‍ ഉപയോഗിച്ച മൂന്ന് ബൈക്കുകള്‍ കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ എം ബിനോയ് അറിയിച്ചു.
അന്വേഷണസംഘത്തില്‍ ഉദയംപേരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷിബിന്‍ കെ.എ, തൃപ്പൂണിത്തുറ സബ് ഇന്‍സ്‌പെക്ടര്‍ എസ് സനല്‍, അഡീഷണല്‍ എസ്.ഐമാരായ സുരേഷ് വി.എന്‍, മധുസൂദനന്‍, സീനിയര്‍ സി.പി.ഒമാരായ ജോസി,ബിനു,രാജീവനാഥ്, രാജേഷ്, ബിന്ദു എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."