കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കപ്പല്‍: നരേന്ദ്ര മോദി
ജലന്ദര്‍: കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും അതു ചരിത്രത്തിലെ വെറും പഴങ്കഥയായിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ ബി.ജെ.പി-ശിരോമണി അകാലിദള്‍(എസ്.എ.ഡി) മുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കം കുറിച്ച് ജലന്ദറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മുങ്ങിത്താഴാനിരിക്കുന്ന കപ്പലില്‍ പഞ്ചാബ് ജനത കയറുമോയെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസിന് നിയമങ്ങളോ തത്വങ്ങളോ ഒന്നുമില്ല. വിചിത്രമായ പാര്‍ട്ടിയാണത്. പശ്ചിമ ബംഗാളില്‍ അതിജീവനത്തിനായി ഇടതുപക്ഷവുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
അവിടെ ഇടതുപക്ഷം നല്‍കുന്നതെന്തും സ്വീകരിച്ചു തൃപ്തിയടയുന്നു. ഉത്തര്‍പ്രദേശില്‍ മുന്‍പ് റാലികളിലും സമ്മേളനങ്ങളിലുമൊക്കെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ച അതേ എസ്.പിയുമായാണ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ അവസരവാദപരമാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍-മോദി പറഞ്ഞു.
പ്രകാശ് ബാദലിനെതിരേ മയക്കുമരുന്ന് മാഫിയാ കൂട്ടുകെട്ട് ആരോപിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരേയും മോദി വിമര്‍ശന ശരങ്ങള്‍ എയ്തുവിട്ടു. പഞ്ചാബിലെ യുവജനങ്ങളെ താറടിച്ച് ചിലര്‍ രാഷ്ട്രീയത്തെ തറനിലവാരത്തിലേക്ക് താഴ്ത്തുകയാണെന്ന് മോദി രാഹുലിനെ സൂചിപ്പിച്ച് വിമര്‍ശിച്ചു. അത്തരം പ്രസ്താവനകള്‍ പഞ്ചാബ് ജനതയുടെ അഭിമാനത്തിനാണു ക്ഷതമേല്‍പ്പിച്ചിരിക്കുന്നത്. അവയ്ക്കു കൃത്യമായ മറുപടി നല്‍കാനുള്ള നല്ല അവസരമാണു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്നും മോദി വ്യക്തമാക്കി.
ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, മുതിര്‍ന്ന ബി.ജെ.പി-എസ്.എ.ഡി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."