ബാഴ്‌സയും അത്‌ലറ്റിക്കോയും സെമിയില്‍; റയല്‍ പുറത്ത്
മാഡ്രിഡ്: റയല്‍ സോസിഡാഡിനെ ഇരു പാദങ്ങളിലായി 6-2നു തകര്‍ത്ത് ബാഴ്‌സലോണയും എയ്ബറിനെ ഇരു പാദങ്ങളിലായ 5-2നു തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കിങ്‌സ് കപ്പിന്റെ സെമിയിലേക്ക് മുന്നേറി. അതേസമയം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ ഇരു പാദങ്ങളിലായി 4-3നു അട്ടിമറിച്ച് സെല്‍റ്റ വിഗോ അവസാന എട്ടിലെത്തി. സെമിയില്‍ ബാഴ്‌സലോണയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡും സെല്‍റ്റ വിഗോയ്ക്ക് ആല്‍വെസുമാണ് എതിരാളികള്‍.
ആദ്യ പാദത്തില്‍ 1-0ത്തിനു വിജയിച്ച ബാഴ്‌സലോണ രണ്ടാം പാദത്തില്‍ അഞ്ചു ഗോളുകളാണ് അടിച്ചത്. ഡെനിസ് സുവാരസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി, സുവാരസ്, ടുറാന്‍ എന്നിവരും വല ചലിപ്പിച്ചു.
ആദ്യ പാദ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ 2-1ന്റെ തോല്‍വി വഴങ്ങിയതിന്റെ വില റയല്‍ ശരിക്കുമറിഞ്ഞു. രണ്ടാം പാദത്തില്‍ സ്വന്തം മണ്ണില്‍ സെല്‍റ്റ വിഗോ അവരെ 2-2നു സമനിലയില്‍ കുടുക്കി 4-3ന്റെ അഗ്രഗെറ്റിലാണ് അവസാന നാലിലേക്ക് മുന്നേറിയത്.
യുവന്റസ്- നാപോളി സെമി
മിലാന്‍: ഇറ്റാലിയന്‍ കപ്പ് പോരാട്ടത്തില്‍ യുവന്റസ്- നാപോളി സെമി പോരാട്ടം. നാപോളി നേരത്തെ സെമി ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ യുവന്റസ് 2-1നു എ.സി മിലാനെ വീഴ്ത്തിയാണ് അവസാന നാലിലെത്തിയത്.
പി.എസ്.ജി-
മൊണാക്കോ ഫൈനല്‍
പാരിസ്: ഫ്രഞ്ച് കപ്പില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍- മൊണാക്കോ ഫൈനല്‍. സെമിയില്‍ പി.എസ്.ജി ബോര്‍ഡെക്‌സിനെ 4-1നു വീഴ്ത്തിയപ്പോള്‍ മൊണാക്കോ ഒറ്റ ഗോളിനു നാന്‍സിയെയാണ് പരാജയപ്പെടുത്തിയത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-
സതാംപ്ടന്‍ ഫൈനല്‍
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സതാംപ്ടനും ഏറ്റുമുട്ടും. സെമിയുടെ ഇരു പാദങ്ങളിലായി ഹള്‍ സിറ്റിയെ 3-2നു വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ ഫൈനലിലെത്തിയത്. സതാംപ്ടന്‍ ഇരു പാദങ്ങളിലായ കരുത്തരായ ലിവര്‍പൂളിനെ 2-0ത്തിനു പരാജയപ്പെടുത്തി.
ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ 2-0ത്തിനു വിജയിച്ചതാണ് അവര്‍ക്ക് തുണയായത്. രണ്ടാം പാദത്തില്‍ 2-1 ഹള്‍ സിറ്റി അവരെ അട്ടിമറിച്ചെങ്കിലും എവേ ഗോളിന്റെ ബലം മാഞ്ചസ്റ്ററിനു തുണയായി. അതേസമയം ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ലിവര്‍പൂള്‍ ഒറ്റ ഗോളിന്റെ തോല്‍വി വഴങ്ങിയാണ് അവസരം നഷ്ടപ്പെടുത്തിയത്.
ബ്രസീലിന് വിജയം
റിയോ ഡി ജനീറോ: ബ്രസീല്‍- കൊളംബിയ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബ്രസീലിനു വിജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീല്‍ രണ്ടാം പകുതിയില്‍ ഡുഡു നേടിയ ഒറ്റ ഗോളിലാണ് വിജയിച്ചത്. കൊളംബിയന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഷപ്പെകോയെന്‍സ് ടീമംഗങ്ങളുടെ കുടുംബത്തിനെ സഹായിക്കുന്നതിനായുള്ള ധന സമാഹരണം ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
ബംഗളൂരുവിന് രണ്ടാം തോല്‍വി
വാസ്‌കോ ഡ ഗാമ: ഐ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സിക്ക് സീസണിലെ രണ്ടാം തോല്‍വി. ചര്‍ച്ചില്‍ ബ്രദേഴ്‌സ് അവരെ 2-1നു വീഴ്ത്തി. ബംഗളൂരു നാലാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."