ഭരണഘടനാതത്വങ്ങളില്‍ ഇന്ത്യ ലോകത്തിന് മാതൃക: മന്ത്രി ഡോ. കെ.ടി ജലീല്‍
കല്‍പ്പറ്റ: ഭരണഘടനാതത്വങ്ങളില്‍ ഇന്ത്യ ലോകത്തിനു മാതൃകയാണെന്ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ റിപ്പബ്ലിക്ദിന സന്ദേശത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ബൃഹദ്ഭരണഘടനയുടെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യ അതിലെ പല ഭാഗങ്ങളും അമേരിക്ക, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, റഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സ്വാംശീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ മതം, വിശ്വാസം, പൊതുസ്വാതന്ത്ര്യം, സ്ഥാനാരോഹണയോഗ്യത തുടങ്ങിയ വിഷയങ്ങളില്‍ ഇവയില്‍ പലരാജ്യങ്ങളും വച്ചുപുലര്‍ത്തുന്ന പ്രതിലോമകരമായ യാതൊന്നും ഉള്‍പ്പെടുത്താതെ അവയിലെ നല്ലതിനെ മാത്രം സ്വാംശീകരിച്ചുകൊണ്ട് രാജ്യത്തെ ഓരോ പൗരനും തുല്യത ഉറപ്പുവരുത്തി സമ്പൂര്‍ണതയുള്ള ഭരണഘടന തയാറാക്കിയ ശില്‍പ്പികളെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യം ഒരു വ്യവസ്ഥയല്ല, മറിച്ച് ഒരു ചിന്താഗതിയും മനോഭാവവും സംസ്‌കാരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായ ഇ.എം.എസും ഇതിന് മാതൃകകളാണ്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ-ദേശ-ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഓരോ വ്യക്തിയും ശ്രമിക്കണം. മതനിരപേക്ഷതയാണ് നമ്മുടെ മുഖമുദ്ര.
വിശ്വാസം, മതം, ജാതി തുടങ്ങിയവ സ്വകാര്യതയാണ്. രാജ്യത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം. അതാണ് ലോകവും രാജ്യവും നമ്മില്‍നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പൊലിസ് മേധാവി ശിവവിക്രം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, നടന്‍ അബുസലീം, എ.ആര്‍ ക്യാംപ് ഇന്‍സ്‌പെക്ടര്‍ ഷാജി അഗസ്റ്റി പരേഡ് കമാന്ററും എ.ആര്‍ ക്യാംപ് എസ്.ഐ രാജീവ് പി.സി സെക്കന്റ് കമാന്ററുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."