പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍: തുള്ളിമരുന്ന് വിതരണം നാളെ മുതല്‍
കല്‍പ്പറ്റ: പള്‍സ് പോളിയോ ദിനമായ നാളെ 886 ബൂത്തുകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ തുള്ളിമരുന്ന് വിതരണം നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റിപ്പണ്‍ ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷയാകും. ആരോഗ്യവകുപ്പ് സംസ്ഥാന നിരീക്ഷകന്‍ ഡോ. അമര്‍ ഫെറ്റില്‍, മേപ്പാടി ജുമാമസ്ജിദ് ഖത്തീബ് അബൂബക്കര്‍ റഹ്മാനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയില്‍ ആകെ 2560 വളണ്ടിയര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ 1974 പേര്‍ നാളെ ബൂത്ത് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും. 30, 31 തിയ്യതികളില്‍ മുഴുവന്‍ വളണ്ടിയര്‍മാരും ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് വിട്ടുപോയ കുട്ടികള്‍ക്ക് തുളളിമരുന്ന് നല്‍കും. ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കി.
ഇവര്‍ മൂന്ന് ദിവസവും ബൂത്തുകളിലും വീടുകളിലും സൂപ്പര്‍വിഷന്‍ നടത്തും. ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ 83 സൂപ്പര്‍വൈസര്‍മാരും, ഗൃഹസന്ദര്‍ശനത്തിന് മേല്‍ നോട്ടം വഹിക്കാന്‍ 88 സൂപ്പര്‍വൈസര്‍മാരും, ട്രാന്‍സിറ്റ് ബൂത്തുകള്‍ക്ക് 15 സൂപ്പര്‍വൈസര്‍മാരും, മൊബൈല്‍ ടീമില്‍ 14 സൂപ്പര്‍വൈസര്‍മാരും പ്രവര്‍ത്തിക്കും. ജില്ലാ അതിര്‍ത്തിയിലും, ബസ് സ്റ്റാന്റിലും തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ഇതിനായി 35 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 280 വളണ്ടിയര്‍മാരെ വിന്യസിക്കും. യാത്രയിലായിരിക്കുന്ന കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ 15 മൊബൈല്‍ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേകം സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിലുള്ള കോളനികള്‍, വനാതിര്‍ത്തിയിലുളള ജനവാസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ വനം വകുപ്പ്, ട്രൈബല്‍ വകുപ്പ് നന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ പ്രത്യേക ടീം പ്രവര്‍ത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ അര്‍ബന്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ.എസ് അജയന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ബേബി നാപ്പളളി, ഡെ. മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."