സഹകരണ ബാങ്ക് ക്രമക്കേട്: അന്വേഷിക്കണമെന്ന് ബി.ജെ.പി
ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെയടക്കം ജില്ലയിലെ സഹകരണ മേഖലയില്‍ നടക്കുന്ന ക്രമക്കേട്, അഴിമതി, തട്ടിപ്പ് എന്നിവ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പരപ്പിക്കുന്ന അഴിമതിയാണ് ജില്ലയിലെ പല സഹകരണ സംഘങ്ങളില്‍ നിന്നും പുറത്തുവരുന്നത്. കോണ്‍ഗ്രസും സിപിഎമ്മും പരസ്പര ധാരണയില്‍ അന്വേഷണങ്ങള്‍ അട്ടിമറിച്ച് സഹായിക്കുകയാണ്. സഹകരണ മേഖലയിലെ അഴിമതികള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 31ന് ജില്ലാ സഹകരണ ബാങ്ക് പടിക്കല്‍ ജനകീയ ധര്‍ണ്ണ നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലേത് തടയാവുന്ന തട്ടിപ്പായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് 2015 സെപ്തംബര്‍ 11ന് ഇവിടെ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഓഡിറ്റിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂഴ്ത്തിവച്ച് തട്ടിപ്പുകാരെ സംരക്ഷിക്കുകയായിരുന്നു. ഇടതുപക്ഷം ഭരണത്തിലേറി എട്ടുമാസമായിട്ടും അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.
അഴിമതിക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മുകാരാണെന്ന് ബാങ്ക് ഭരണ സമിതിയംഗങ്ങള്‍തന്നെ വെളിപ്പെടുത്തിയിട്ടും സിപിഎമ്മിന് മിണ്ടാട്ടമില്ല. വായ്പ,നിക്ഷേപം, നിക്ഷേപം പിന്‍വലിക്കല്‍, സ്വര്‍ണ പണയം, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ തുടങ്ങി സമസ്ത മേഖലയിലും ഇവിടെ ക്രമക്കേട് നടന്നു. തട്ടിപ്പു നടത്തുന്നതിനായി വ്യാജ രേഖകള്‍പോലും ചമച്ചു. വായ്പയുടെ 90 ശതമാനവും വ്യാജമാണ്. പല സഹകരണ ബാങ്കിലും പട്ടികജാതിക്കാര്‍ക്ക് നിയമനം പോലും നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സെല്‍ ജില്ലാ കണ്‍വീനര്‍ ആര്‍. വിശ്വനാഥനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."