ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും രാജ്യ പുരോഗതിയുടെ നാഴികക്കല്ലുകള്‍: മന്ത്രി ജി. സുധാകരന്‍
കോട്ടയം: രാജ്യപുരോഗതിയുടെ നാഴികക്കല്ലായി പ്രവര്‍ത്തിച്ചത് അധികാര വികേന്ദ്രീരണവും ജനകീയസൂത്രണവുമാണെന്ന് മന്ത്രി ജി. സുധാകരന്‍ . രാജ്യത്തിന്റെ 68ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അധികാരം താഴെത്തട്ടു മുതല്‍ മുകളിലേയ്ക്കാണ് എന്ന തിരിച്ചറിവാണ് നമ്മുടെ ജനാധിപത്യത്തിന്റെ കാതല്‍. ഭരണത്തിന്റെ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ വികേന്ദ്രീകരിക്കുന്ന ജനാധിപത്യത്തിന്റെ അധികാരവും ഭരണഘടന നല്‍കുന്ന അവകാശങ്ങളും 100 ശതമാനം ഉറപ്പിക്കാന്‍ നമുക്കു കഴിയണം. കേന്ദ്രത്തിന്റെ കൈയിലുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളിലേയ്ക്കും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കോര്‍പ്പറേഷനുകളിലേയ്ക്കും മുനിസിപ്പാലിറ്റികളിലേയ്ക്കും ഗ്രാമപഞ്ചായത്തുകളിലേയ്ക്കും എത്തിച്ചേരുന്ന ഭരണ സംവിധാനം കൂടുതല്‍ പുരോഗതിയും പ്രതീക്ഷയും നല്‍കുന്നു.
അടിയന്തിരാവസ്ഥക്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്ര, സംസ്ഥാന, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലങ്ങളിലെ കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ ഭരണഘടനാ സംവിധാനത്തിന്റെയും ജനാധിപത്യ പ്രക്രിയയുടെയും അഭിമാനകരമായ നേട്ടം തന്നെയാണ്. എങ്കിലും രാജ്യത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 78 കോടിയോളം ജനങ്ങള്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുത്തില്ല എന്നത് ദുഖകരമാണ്. രാജ്യത്ത് അധികാരത്തിലേറിയ ഒരു പാര്‍ട്ടിയും 50 ശതമാനത്തിലേറെ വോട്ടുനേടി അധികാരത്തില്‍ എത്തിയിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ എത്ര ശതമാനമാണ് ഒരു പാര്‍ട്ടിയുടെ വോട്ട് അത്രയും സീറ്റുകള്‍ക്ക് മാത്രമേ അവര്‍ക്ക് അവകാശമുള്ളു എന്ന പ്രതിനിധ്യ സ്വഭാവമുള്ള കാഴ്ചപ്പാട് തെരഞ്ഞെടുപ്പില്‍ ഉണ്ടായാല്‍ മാത്രമേ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധമുള്ള തെരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളു. എങ്കില്‍ മാത്രമേ ഭരണഘടന അനുശാസിക്കുന്ന സമത്വവും ജനാധിപത്യത്തില്‍ ജനങ്ങളുടെ യഥാര്‍ത്ഥ പങ്കാളിത്തവും ഉറപ്പുവരുത്താന്‍ കഴിയുകയുള്ളു. നമ്മുടെ ഭരണഘടനയുടെ മാഹാത്മ്യം ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്നു എന്നുള്ളതാണ്. എല്ലാവര്‍ക്കുമുള്ള സുരക്ഷയും ക്ഷേമവും മൗലികാവകാശമായി ഭരണഘടന ഉറപ്പു നല്‍കുന്നു.
രാജ്യത്തെ കൂടുതല്‍ പ്രശസ്തിയിലേക്കും പുരോഗതിയിലേ്ക്കും നയിക്കാനും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞ 68 വര്‍ഷത്തെ ജനാധിപത്യ പ്രക്രിയ കൊണ്ട് നമുക്ക് സാധിച്ചിട്ടുണ്ട്. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് ആശയപരമായും രാഷ്ട്രീയപരമായും ചിന്താപരമായും നാം നേരിട്ടത്.
നമ്മുടെ സംസ്ഥാനവും പുരോഗതിയുടെ പാതയില്‍ വേഗത്തില്‍ മുന്നേറുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2.15 ലക്ഷം ശൗചാലയങ്ങള്‍ അര്‍ഹരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30നകം എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇപ്പോള്‍ 95 ശതമാനം വൈദ്യൂതീകരണം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."