29 ാമത് കേരളാ ശാസ്ത്ര കോണ്‍ഗ്രസിന് ഇന്ന് തിരുവല്ലയില്‍ തുടക്കം
പത്തനംതിട്ട: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള 29 -ാമത് ശാസ്ത്ര കോണ്‍ഗ്രസിന് ഇന്ന് തിരുവല്ലയില്‍ തുടക്കം. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കെ.എസ്.സി.എസ്.ടി.ഇ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍തോമ കോളേജില്‍ സയന്‍സ് കോണ്‍ഗ്രസിന് തിരി തെളിക്കും. ഭാരത രത്‌ന ജേതാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സി.എന്‍.ആര്‍. റാവു മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള ശാസ്ത്ര പ്രദര്‍ശനം 26 നു മാര്‍തോമാ കോളേജില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘടനം ചെയ്തു. 12 ശാസ്ത്ര വിഷയങ്ങളിലായി 432 ഗവേഷണ പ്രബന്ധങ്ങള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. 75 ഓളം സ്ഥാപനങ്ങള്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജനിതകഘടനാ ശാസ്ത്രവും ആരോഗ്യവും എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ വിഷയം. കാര്‍ഷിക ഭക്ഷ്യശാസ്ത്രം, ബയോടെക്‌നോളജി, ഭൗമശാസ്ത്രം, രസതന്ത്രം, ശാസ്ത്ര വിദ്യാഭ്യാസം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം, മത്സ്യമൃഗ സംരക്ഷണ ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി-വനം എന്നീ വിഷയങ്ങളിലും ചര്‍ച്ചയും പ്രബന്ധാവതരണവും നടക്കും. ആവാസ വ്യവസ്ഥയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ പ്രഫ. മാധവ് ഗാഡ്ഗില്‍, പ്രഫ. രാഘവേന്ദ്ര ഗദേഗ്കര്‍, പ്രഫ. ആര്‍. സുകുമാര്‍, പ്രഫ. എം.കെ. പ്രസാദ് എന്നിവര്‍ പ്രഭാഷണം നടത്തും. ജനിതക ഘടനാ ശാസ്ത്രവും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. കെ. തങ്കരാജ്, പാര്‍ഥ് പി. മജുദാര്‍, ഡോ. സാം സന്തോഷ്, പ്രൊഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സ്മാരക പ്രഭാഷണങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."