കുശലം പറഞ്ഞ് മുഖ്യമന്ത്രി,കുരുന്നുകളുടെ റിപബ്ലിക് ദിനം അവിസ്മരണീയം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ചാര്‍ത്താന്‍ മുല്ലപ്പൂമാലയുമായി വേദിയില്‍ കയറിയതാണ്. അപ്പോഴുണ്ട് മുഖ്യമന്ത്രി അരികില്‍ ചേര്‍ത്തു നിര്‍ത്തി കുശലം പറയുന്നു. ഒന്നാം ക്ലാസുകാരായ ഭവ്യയും അദ്വൈതും ഉള്‍പ്പെടുന്ന കുരുന്നുകള്‍ക്ക് അത് അത്ഭുതമായിരുന്നു. തന്റെ കഴുത്തില്‍ ചാര്‍ത്താന്‍ കൊണ്ട് വന്ന മുല്ല മാലകള്‍ മുഖ്യമന്ത്രി കുട്ടികളെ തന്നെ അണിയിച്ചു. അടുത്തിരുന്ന കവയത്രി സുഗതകുമാരി ഇതെല്ലാം കൗതുകത്തോടെ കാണുകയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ശാന്തി സമിതി യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച 'രാഷ്ട്രം മതം ദേശീയത' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഭവിഷ്യ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചടങ്ങില്‍ മുഖ്യമന്ത്രിക്ക് അവരുടെ സ്‌നേഹ ഉപഹാരമായി മുല്ലമാല ചാര്‍ത്താന്‍ വേദിയില്‍ എത്തിയത് .
മതങ്ങള്‍ മനുഷ്യ നന്മയ്ക്കായുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും മതസൗഹാര്‍ദം നിലനില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ നല്ല ഭാവിക്കു അത്യന്താപേക്ഷിതമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ജനം എതിരിടണമെന്നും മഹാത്മാഗാന്ധി കാണിച്ചു തന്ന ശാന്തിയുടെയും സഹിഷ്ണുതയുടെയും മാര്‍ഗം നാം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി .ശാന്തി സമിതിയെ പോലുള്ള പ്രസ്ഥാനങ്ങള്‍ നാടിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തി സമിതി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി അധ്യക്ഷയായി. സ്വാമി സൂക്ഷ്മാനന്ദ ,പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി ,സ്വാമി സന്ദീപാനന്ദഗിരി ,ശാന്തി സമിതി വൈസ് ചെയര്‍മാന്‍ ഫാ.ജോര്‍ജ് ഗോമസ്.ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി, സെക്രട്ടറി ജെ.എം.റഹിം ,കണ്‍വീനര്‍ ആര്‍.നാരായണന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."