ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
കൊട്ടാരക്കര: റിപ്പബ്ലിക് ദിനത്തില്‍ മൈലത്തെ പാറ ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി. മുന്നൂറോളം ജലാസ്റ്റിന്‍ സ്റ്റിക്കുകളും, നാനൂറോളം ഡിറ്റനേറ്ററുകളും, 2500ഓളം മീറ്റര്‍ ഫ്യൂസ്‌വയറുകളുമാണ് കണ്ടെടുത്തത്.
മൈലം ആക്കവിള ജങ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന പാറ ക്വാറിയില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. പാറ ഖനനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുമ്പോള്‍ ഇവിടെ പാറ പൊട്ടിക്കല്‍ നടക്കുകയായിരുന്നു.
അവധി ദിനത്തില്‍ ഖനനം തകൃതിയായി നടന്നതോടെ ക്ഷേത്രഭാരവാഹികളും നാട്ടുകാരും അടങ്ങുന്ന വലിയ സംഘം സ്ഥലത്തെത്തി ഇത് തടഞ്ഞ് റൂറല്‍ എസ്.പി എസ്. സുരേന്ദ്രനെ വിവരം അറിയിച്ചു. തുടര്‍ന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി സ്‌ഫോടക വസതുക്കളുടെ ശേഖരവും പാറ കയറ്റികൊണ്ടിരുന്ന രണ്ട് ടിപ്പര്‍ലോറികള്‍, പാറ പൊട്ടിച്ചുകൊണ്ടിരുന്ന ഹുണ്ടായി ഇനത്തില്‍പ്പെട്ട രണ്ട് എക്‌സവേറ്ററുകള്‍, ജെ.സി.ബി എന്നിവ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരന്‍ദേവപ്രസാദ്, സുരേഷ്് മറ്റ് ഏഴോളം പേരെയും പ്രതിയാക്കി കൊട്ടാരക്കര പൊലിസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് നിയമ പ്രകാരം കേസെടുത്തു.
പരിസ്ഥിനിയമങ്ങള്‍ കാറ്റില്‍പറത്തി ജിയോളജിയുടേയൊ, റവന്യൂവിന്റേയോ അനുവാദം ഇല്ലാതെയാണ് ഖനനം നടത്തുന്നത്. താമരക്കൂടി ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിയില്‍ നിന്നുപോലും പാറപൊട്ടിച്ചു കടത്തുന്നുണ്ട്. അഡി. എസ്.ഐ മഹേഷ്, ജൂനിയര്‍ എസ്.ഐ റിനീഷ്, എ.എസ്.ഐ ബാലചന്ദ്രന്‍, സി.പി.ഒ മന്മഥന്‍നായര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."