അഭയാര്‍ഥികള്‍ക്കും ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്ക്
വാഷിങ്ടണ്‍: അഭയാര്‍ഥികള്‍ക്കും ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയില്‍ വിലക്ക്. ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. സിറിയ, ഇറാഖ്, ഇറാന്‍, സുദാന്‍, ലിബിയ, യെമന്‍, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്.
വരുന്ന മൂന്നു മാസക്കാലം അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള വിലക്ക് നാലുമാസത്തേക്കാണ്. സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനായി ഒബാമ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന യു.എസ് റെഫ്യൂജി അഡ്മിഷന്‍ പ്രോഗ്രാമും നിര്‍ത്തിവച്ചിട്ടുണ്ട്.
പ്രൊട്ടക്ഷന്‍ ഓഫ് ദ നാഷന്‍ ഫ്രം ഫോറീന്‍ ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദി യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന പേരിലുള്ള എക്‌സിക്യൂട്ടിവ് നിര്‍ദേശത്തിലാണ് ട്രംപ് ഒപ്പുവച്ചത്.
ഭീകരവാദം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമമെന്ന് ട്രംപ് അവകാശപ്പെട്ടു. അഭയാര്‍ഥികളായുള്ള സിറിയന്‍ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന് അപകടകരമാണ്. ഭീകരവാദികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതു തടയാനാണ് പുതിയ നിരീക്ഷണ സംവിധാനങ്ങള്‍. അമേരിക്കയെ പിന്തുണക്കുകയും നമ്മുടെ ജനതയെ അഗാധമായി സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഇനി പ്രവേശനം നല്‍കൂവെന്നും ട്രംപ് വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ അഭയാര്‍ഥികളുടെ എണ്ണം 50,000 ആക്കാനും തീരുമാനമുണ്ട്. നിലവില്‍ 1, 10,000 അഭയാര്‍ഥികളാണ് അമേരിക്കയിലുള്ളത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കും പുതിയ നിയമം ബാധകമല്ല. രാജ്യം നിരന്തരമായി സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ പുതുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവും റദ്ദാക്കി.
പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് മൈക് ഫ്‌ളിന്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് വിവാദ നിര്‍ദേശത്തില്‍ ഒപ്പുവച്ചത്.
ക്രിസ്ത്യാനികള്‍ക്ക് മുന്‍ഗണന
വാഷിങ്ടണ്‍: സിറിയ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഒരു ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക സിറിയയിലടക്കമുള്ള ക്രിസ്ത്യന്‍ പൗരന്മാരെ സഹായിക്കാന്‍ പോകുകയാണ്. സിറിയയിലുള്ള ക്രിസ്ത്യന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലെത്താന്‍ ഏറെ പ്രയാസമാണ്. എന്നാല്‍, മുസ്‌ലിംകള്‍ക്ക് വളരെ എളുപ്പത്തില്‍ എത്താനാകുന്നുണ്ട്. സിറിയയില്‍ അന്യായമായി ക്രിസ്ത്യാനികളുടെ തലയറുക്കുന്ന സംഭവങ്ങള്‍ വേദനാജനകമാണെന്നും ട്രംപ് പറഞ്ഞു.
ഇറാഖ്, യെമന്‍
യാത്രക്കാരെ തടഞ്ഞു
കെയ്‌റോ: ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ഥി നിരോധനത്തിനു പിന്നാലെ അഞ്ച് ഇറാഖി പൗരന്മാരെയും ഒരു യെമന്‍ പൗരനെയും അമേരിക്കയിലേക്കുള്ള യാത്രക്കിടെ കെയ്‌റോ വിമാനത്താവളത്തില്‍ തടഞ്ഞു. പിന്നീട് ഇവരെ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."