ബൈക്ക് യാത്രികര്‍ ലോറി കയറി മരിച്ച സംഭവം; അഞ്ചുവര്‍ഷത്തിനുശേഷം ഡ്രൈവര്‍ പിടിയില്‍
തൊടുപുഴ: ബൈക്കില്‍ സഞ്ചരിച്ചിരുന്ന കമിതാക്കള്‍ ലോറി കയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അഞ്ചു വര്‍ഷത്തിനുശേഷം പൊലിസ് പിടികൂടി. ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി ഉടമയും ഡ്രൈവറുമായ മുണ്ടക്കയം മുറിഞ്ഞകല്ലുപുറം മുരോട്ടിക്കല്‍ വീട്ടില്‍ ജോജിമോന്‍ ജോസഫ് (33)നെയാണ് മുണ്ടക്കയത്തുനിന്നു പൊലിസ് പിടികൂടിയത്.
2012 ജൂലൈ മൂന്നിനാണ് കേസിന് ആസ്പദകമായ സംഭവം. കൊടുങ്ങൂര്‍ പാറപ്പളളിയില്‍ പ്രിന്‍സ് ബാബു (27), കോട്ടയം വെള്ളൂര്‍ സ്വദേശിനി അനുശ്രീ (22) എന്നിവരാണ് കുട്ടിക്കാനത്തിനു സമീപം വളഞ്ഞാങ്ങാനത്ത് ലോറി ഇടിച്ച് മരിച്ചത്. ഇരുവരുടെയും വയറ്റിലൂടെ ടയര്‍ കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
സംഭവദിവസം കുട്ടിക്കാനം പ്രദേശത്തുകൂടി കടന്നുപോയ മൊബൈല്‍ നമ്പറുകളെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പീരുമേട് സി.ഐ ഷിബുകുമാര്‍ പറഞ്ഞു.
അപകടത്തിനു കാരണമായത് മിനി ലോറിയാണന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പൊലിസിന് സംശയമുണ്ടായിരുന്നു.
തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മിനിലോറികളും പരിശോധിച്ചു വരുകയായിരുന്നു. അഞ്ചുവര്‍ഷം നീണ്ടുനിന്ന കേസന്വേഷണത്തിനൊടുവിലാണ് പൊലിസ് മുണ്ടക്കയം സ്വദേശിയായ യുവാവിനെ കണ്ടെത്തിയത്. പതിനായിരത്തോളം ഫോണ്‍കോളുകള്‍ പൊലിസ് പരിശോധിച്ചു.
മഞ്ഞും മഴയുമുള്ള ദിവസമായതിനാല്‍ വളവില്‍വച്ച് ബൈക്കിനെ മറികടക്കുമ്പോഴാണ് ലോറി തട്ടി അപകടമുണ്ടായതെന്നും രണ്ടുവീലുകളും ഇരുവരുടെയും ദേഹത്തുകയറിയെന്നും സംഭവത്തെ തുടര്‍ന്ന് പൊലിസ് വാഹനപരിശോധന കര്‍ശനമാക്കിയതിനാല്‍ മുറിഞ്ഞപുഴയില്‍നിന്നു തെക്കേമല വഴി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പൊലിസിന് മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."