സംരക്ഷിക്കപ്പെടുമോ ഗോവന്‍ കോട്ട
മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ സമാനതകളില്ലാത്ത ബി.ജെ.പി നേതാവായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായി അദ്ദേഹം പോയതോടെ പാര്‍ട്ടിയുടെ ജനകീയ മുഖം നഷ്ടമായി. ഇനി തിരിച്ചുവന്നാല്‍ത്തന്നെ പഴയ സ്വാധീനം അദ്ദേഹത്തിനു നേടാനുമായേക്കില്ല. നോട്ട് അസാധുവാക്കലും വികസന നേട്ടവും പ്രചാരണായുധമാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എങ്കിലും ഫെബ്രുവരി നാലിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ട കാക്കാന്‍ അവര്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഗോവയില്‍ മാത്രമാണ് പാര്‍ട്ടി ഭരണത്തിലുള്ളത്. അത് നഷ്ടപ്പെടുന്നത് ആത്മഹത്യാപരമായിരിക്കും. പഞ്ചാബില്‍ ഭരണത്തിലുള്ളത് വല്യേട്ടനായ അകാലിദളിന്റെ സഖ്യത്തിലാണ്. 37 സീറ്റില്‍ മത്സരിക്കുന്ന ബി.ജെ.പി മൂന്നിടത്ത് സ്വതന്ത്രരെ പിന്തുണയ്ക്കുന്നു. ഖനി അഴിമതി കേസില്‍ ചില മന്ത്രിമാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമാണ്.
ഹിന്ദു-ക്രിസ്ത്യന്‍-കൊങ്ങിണി
മറാത്തി വോട്ട്
ഗോവയില്‍ ഹിന്ദു വോട്ടും ക്രിസ്ത്യന്‍ വോട്ടും നിര്‍ണായകങ്ങളാണ്. ഉത്തര ഗോവയില്‍ ഹിന്ദു വോട്ടര്‍മാരാണ് കൂടുതല്‍. അതേസമയം ദക്ഷിണ ഗോവയില്‍ ക്രിസ്ത്യന്‍ വോട്ടുകളാണ് ഫലം നിര്‍ണയിക്കുക. ഇതുമനസിലാക്കി ഈ രണ്ടു മേഖലകളിലാവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുക. കൊങ്ങിണി, മറാത്തി ഭാഷകള്‍ സംസാരിക്കുന്നവര്‍ ഗോവയില്‍ ഒരുപോലെ വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ളവരാണ്. പാര്‍ട്ടി താഴേത്തലത്തില്‍ കാര്‍പെറ്റ് ബോംബിങ് പോലെ പ്രചാരണം നടത്തുന്നത് ഇതിനാലാണെന്ന് വിലയിരുത്തലുണ്ട്. അത്ര ശക്തമായ പ്രവര്‍ത്തനമാണത്. ഡല്‍ഹി കേന്ദ്ര ഓഫീസിലെ യുദ്ധമുറിയിലാണ് കാര്‍പറ്റ് ബോംബിങ് തന്ത്രങ്ങള്‍ മെനയുന്നത്. 2012 തെരഞ്ഞെടുപ്പില്‍ 40ല്‍ 21 സീറ്റുകള്‍ നേടാനായെങ്കില്‍ ഇത്തവണ ഭരണവിരുദ്ധ വികാരത്തിനിടെ 26 സീറ്റുനേടണമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശമാണ് യുദ്ധസമാനമായ സാഹചര്യമൊരുക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്.
ആര്‍.എസ്.എസിന്റെ നിലപാട്
2007, 2012 തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്നു വിഭിന്നമായി പിന്തുണയ്ക്കാനും വോട്ടുചോദിക്കാനും രംഗത്തിറങ്ങില്ലെന്ന് അവര്‍ പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഏതുപാര്‍ട്ടിക്ക് വോട്ടു ചെയ്യാനും സ്വതന്ത്രരുള്‍പ്പെടെ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അനുവാദമുണ്ട്.
പ്രൈമറി സ്‌കൂളുകളില്‍ കൊങ്ങിണിയും മറാത്തിയും അധ്യയന ഭാഷയാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആ നിലപാടില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയതാണ് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചത്. മാത്രമല്ല, ഇംഗ്ലീഷ് അധ്യയന ഭാഷയായുള്ള ക്രൈസ്തവ ദേവാലയങ്ങളുടെ സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ കൊങ്ങിണി, മറാത്തി ഭാഷകള്‍ അധ്യയന ഭാഷകളാക്കുന്നത് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുക മാത്രമാണ് പര്‍സേകര്‍ സര്‍ക്കാര്‍ ചെയ്തത്. ഇതാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്.
ഗോവ സുരക്ഷാ മഞ്ച് (ജി.എസ്.എം)
ആര്‍.എസ്.എസ് സംസ്ഥാന നേതാവും റിട്ട. ഹെഡ്മാസ്റ്ററുമായ സുഭാഷ് വേലിങ്കര്‍ രാജിവച്ച് ഗോവ സുരക്ഷാ മഞ്ച് എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ബി.ജെ.പിക്ക് കനത്ത ആഘാതമായി. മറാത്തി, കൊങ്ങിണി അധ്യയനത്തെ ബി.ജെ.പി അവഗണിച്ചതാണ് കാരണം. മാത്രമല്ല, ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), ശിവസേന എന്നിവയുമായി അവര്‍ സഖ്യത്തിലുമേര്‍പ്പെട്ടിരിക്കുന്നു. സംഘടനയില്‍ പിളര്‍പ്പു ഭയക്കുന്ന ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം ഇതംഗീകരിക്കുകയും ആര്‍ക്കും പിന്തുണ നല്‍കേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു. നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് പരമ്പരാഗതമായി കൊങ്ങിണി, മറാത്തി ഭാഷകള്‍ക്കുപുറമേ ഇംഗ്ലീഷ് അധ്യയനമുള്ള ക്രൈസ്തവ സ്‌കൂളുകള്‍ക്ക് സാമ്പത്തികം നല്‍കി തുടങ്ങിയത്. ഇതിനെതിരേ അന്ന് വേലിങ്കറുടെ നേതൃത്വത്തില്‍ ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് (ബിബിഎസ്എം) എന്ന പ്രസ്ഥാനം രൂപീകരിച്ചിരുന്നു. ഈ പ്രസ്ഥാനം ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ തുണയായി. എന്നാല്‍ അധികാരത്തിലെത്തിയ ബി.ജെ.പി കാലുമാറിയതാണ് വേലിങ്കറെ ചൊടിപ്പിച്ചത്.
എം.ജി.പി അധികാരത്തിലെത്താന്‍ വേണ്ടിമാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമുള്ള ഹിന്ദു വോട്ടര്‍മാര്‍ ആര്‍.എസ്.എസ് നിലപാടിനെ പിന്തുണച്ചേക്കില്ല. 1998 മുതല്‍ ഏതു സര്‍ക്കാരായാലും എം.ജി.പി അതിന്റെ പങ്കുപറ്റിയിരുന്നു. എം.ജി.പിയുടെ രണ്ടുപേരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതാണ് അവരുടെ എതിര്‍പ്പിന് വഴിയൊരുക്കിയത്. അഴിമതിക്കാരായ നേതാക്കളെയാണ് പുറത്താക്കിയതെന്നും ഇതിനര്‍ഥം എം.ജി.പിയുമായി സഖ്യമില്ലെന്നല്ലെന്നും ബി.ജെ.പി പറയുന്നത് ആ പാര്‍ട്ടിയുടെ വോട്ടു നേടാനും ഭൂരിപക്ഷം കുറഞ്ഞാല്‍ വീണ്ടും സഖ്യം സ്ഥാപിക്കാനുമാണെന്നു വ്യക്തം.
എ.എ.പിയും ഭരണവിരുദ്ധ വോട്ടും
പഞ്ചാബിലും ഗോവയിലും ഭരണം പിടിക്കാമെന്ന മോഹത്തിലാണ് ആം ആദ്മി പാര്‍ട്ടി. അഴിമതി വിരുദ്ധ പ്രതിഛായ സഹായകമാകുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം മറ്റെന്നെത്തേക്കാളും ശക്തമായ ഗോവയില്‍ ഈ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാഹചര്യമാണ് ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഒരുക്കിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ച് രംഗത്തിറങ്ങിയ എ.എ.പി ഫലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കീശയിലാക്കുകയാണ്. കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടുകള്‍ കുറഞ്ഞാല്‍ ദക്ഷിണ മേഖലയിലെ ക്രൈസ്തവ കേന്ദ്രങ്ങളില്‍ പോലും ബി.ജെ.പിക്ക് സാന്നിധ്യമുണ്ടാക്കാനായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ് സഖ്യം വിഛേദിച്ച എന്‍.സി.പിയും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ചോര്‍ച്ച ഉണ്ടാക്കാന്‍ പോന്നതാണ്. ഗോവയ്ക്ക് പ്രത്യേക പദവിയാണ് എ.എ.പി വാഗ്ദാനം ചെയ്യുന്നത്. മുന്‍ ജയില്‍ ഐ.ജി എല്‍വിസ് ഗോമസാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി.
നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസ്
മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 9 സീറ്റാണ് ലഭിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ലൂസിഞ്ഞോ ഫെലേറിയോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് കാലുമാറ്റം, അഴിമതി എന്നിവയുടെ മൂര്‍ത്തരൂപമായ കാമത്തിനെ അത്ര പഥ്യമല്ല. പാര്‍ട്ടി സഖ്യങ്ങള്‍ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗോവ ഫോര്‍വേഡുമായി നീക്കുപോക്കുണ്ടാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."