സുനന്ദയുടെ മരണം: പുതിയ റിപ്പോര്‍ട്ടുകളും അവ്യക്തം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് അവസാനമായി സമര്‍പ്പിച്ച രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അവ്യക്തം. അമേരിക്കന്‍ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) തയാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ മരണകാരണം സംബന്ധിച്ച് സൂചന ലഭിച്ചില്ലെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞു. സുനന്ദയുടെ മരണം സംബന്ധിച്ച് കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്.ബി.ഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ഡല്‍ഹി, ചണ്ഡീഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തെ എസ്.ഐ.ടി നിയോഗിച്ചത്.
അതേസമയം, പുതിയ റിപ്പോര്‍ട്ടിലും മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഡല്‍ഹി പൊലിസിനു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ബെറി ഫോണില്‍ നിന്നു നീക്കം ചെയ്യപ്പെട്ട ചാറ്റ് വിവരങ്ങള്‍ ലഭിക്കാനായി എസ്.ഐ.ടി ഒരിക്കല്‍ കൂടി എഫ്.ബി.ഐയുടെ സഹായം തേടും. സുനന്ദ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പില്‍ നിന്നുള്ള വിശദാംശങ്ങളും എസ്.ഐ.ടി കാത്തിരിക്കുകയാണ്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ അടുപ്പത്തെ ചൊല്ലി മരണത്തിന്റെ അവസാനദിവസങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."