സഹായമാണ് ചോദിച്ചത്, വായ്പയല്ലെന്നു വിജയ്മല്യ
ന്യൂഡല്‍ഹി: സര്‍ക്കാരില്‍ നിന്നു സഹായമാണു ചോദിച്ചതെന്നും വായ്പയല്ലെന്നും വിവാദ വ്യവസായി വിജയ്മല്യ. എയര്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കിയ സര്‍ക്കാര്‍ കിങ്ഫിഷറിനെ രക്ഷിക്കാന്‍ നയപരമായ ചില മാറ്റങ്ങള്‍ക്കായി അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബാങ്കുകളെ കബളിപ്പിച്ച് രാജ്യവിട്ട് ലണ്ടനില്‍ കഴിയുന്ന മല്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയ്ക്ക് കാരണം സര്‍ക്കാരിന്റെ നയമാണ്. എയര്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പൊതുഖജനാവിലെ പണം ചെലവഴിച്ച് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍സായ കിങ് ഫിഷറിനെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല. വായ്പയായിരുന്നില്ല, വ്യോമയാന നയത്തില്‍ ചില മാറ്റങ്ങളാവശ്യപ്പെട്ട് സഹായമാണു ചോദിച്ചത്. അത് സര്‍ക്കാര്‍ ചെയ്തില്ല. എണ്ണവില വീപ്പക്ക് 140 ഡോളറായി ഉയര്‍ന്ന കാലത്താണ് കിങ്ഫിഷര്‍ തകര്‍ന്നത്. വാണിജ്യനികുതി ഉയര്‍ത്തുകയും രൂപയുടെ മൂല്യം താഴ്ത്തുകയും ചെയ്തു. വിദേശ നിക്ഷേപം നടത്താന്‍ സാധിക്കാതിരിക്കുകയും സാമ്പത്തിക അസ്ഥിരത വരുകയും ചെയ്യുന്നതു ഏതുകമ്പനിയും തകരാന്‍ മതിയായ കാരണമാണെന്ന് മല്യ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ സാമ്പത്തികവും നയമപരവുമായ പ്രശ്‌നങ്ങള്‍ കാരണമാണ് കിങ്ഫിഷര്‍ തകര്‍ന്നത്. ഇതിന് എല്ലാ ജീവനക്കാരോടും ഓഹരിയുടമകളോടും മാപ്പുപറയുന്നു. തനിക്കെതിരായ കേസുകളെക്കുറിച്ച് ആശങ്കയില്ലെന്നും മല്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."