കെ.എ.എസ്: സി.പി.ഐയിലും ഭിന്നത
തിരുവനന്തപുരം:കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നത് സംബന്ധിച്ച് സി.പി.ഐയിലും ഭിന്നാഭിപ്രായം. കെ.എസ്.എയ്‌ക്കെതിരേ സി.പി.ഐയുടെ ജീവനക്കാരുടെ സംഘടനയും (കെ.എസ്.എസ്.എ) സമരത്തിലാണ്. അതേസമയം കെ.എ.എസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെ.എ.എസുമായി മുന്നോട്ടുപോകണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണസിരാകേന്ദ്രത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന പൊതുതാല്‍പ്പര്യത്തിന്റെ കൂടെയാണ് ജോയിന്റ് കൗണ്‍സില്‍. പുതിയൊരു സംവിധാനം വരുമ്പോള്‍ താല്‍ക്കാലിക ദോഷമുണ്ടായെന്നു വരാം. എന്നാല്‍ കുറ്റമറ്റ ഭരണസംവിധാനം വരികയാണ് നല്ലത്. ഇക്കാര്യത്തില്‍ കെ.എസ്.എസ്.എയുടെ വികാരപ്രകടനത്തില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ.എ.എസിനെതിരേ സമരം ചെയ്ത സി.പി.ഐ ജീവനക്കാരെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. സി.പി.ഐ സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ബിജു, മുന്‍ ജനറല്‍ സെക്രട്ടറി പി.ജയറാം, ട്രഷറര്‍ പി. പ്രദീപ്കുമാര്‍, സ്റ്റാഫ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡംഗം ബി.എസ് മനുലാല്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കെ.എ.എസ് നടപ്പാക്കുന്നതിനെതിരേ ഒരുമാസമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സമരരംഗത്താണ്. ഇക്കാര്യത്തില്‍ സി.പി.ഐ യൂനിയന്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. ഇതോടെ സമരത്തിന് ജനപങ്കാളിത്തം വര്‍ധിച്ചു.'ഭരണപ്രതിപക്ഷ ഭേദമില്ലാതെ ജീവനക്കാര്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. സി.പി.എം അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമരത്തില്‍ അണിചേര്‍ന്നു. ഇതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചതും സ്ഥലം മാറ്റത്തിലേക്ക് നയിച്ചതും.
ഇതിനിടെ സി.പി.എം അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജീവനക്കാരും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തെത്തി. കെ.എ.എസ് നടപ്പാക്കിയാല്‍ സംഘടന വിടുമെന്നാണ് ധനവകുപ്പിലെ നൂറോളം ജീവനക്കാര്‍'ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിവേദനവും ഇവര്‍ ജനറല്‍ സെക്രട്ടറിക്ക് കൈമാറി. കെ.എ.എസിനെതിരേ സി.പി.എമ്മിലും സി.പി.ഐയിലും ഭിന്നാഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് സംയുക്തസമരസമിതിയുടെ തീരുമാനം. പ്രതിഷേധത്തിന്റെ'ഭാഗമായി നില്‍പ്പുസമരവും തുടര്‍ന്ന് അനിശ്ചിതനിരാഹാരമുള്‍പ്പെടെയുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ. ബെന്‍സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."