ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 പോരാട്ടം ഇന്ന്
നാഗ്പൂര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്നു നാഗ്പൂരില്‍ നടക്കും. ആദ്യ ടി20യില്‍ ഇന്ത്യക്കെതിരേ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു ഈ പോരാട്ടത്തിലെ വിജയം മതി. അതിനാല്‍ തന്നെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന തത്വം ഉറപ്പിച്ചായിരിക്കും ഇംഗ്ലീഷ് പട ഇറങ്ങുന്നത്. ടെസ്റ്റ്, ഏകദിന പോരാട്ടങ്ങളിലെ തോല്‍വികള്‍ മായ്ക്കാനുള്ള പര്യടനത്തിലെ അവസാന അവസരമാണെന്നതിനാല്‍ അവര്‍ വിജയത്തിനായി ഏതറ്റം വരെയും പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതേസമയം ഇന്ത്യയാകട്ടെ ആദ്യ പോരാട്ടത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നു മുക്തരായി പരമ്പര സമനിലയില്‍ എത്തിച്ച് ആയുസ്സ് നീട്ടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ പതിനഞ്ചു മാസമായി ഒരു പരമ്പര ഇന്ത്യ അടിയറവ് വച്ചിട്ട്. 2015 ഓക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരേയാണ് ഇന്ത്യ അവസാനമായി ഒരു പരമ്പര വിട്ടുനല്‍കിയത്. അതിനു ശേഷം ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലെല്ലാം ഇന്ത്യക്ക് തുടര്‍ച്ചയായി പരമ്പര നേട്ടങ്ങളുണ്ട്. ആ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്നു ജയം അനിവാര്യം. സ്വന്തം തട്ടകത്തില്‍ ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി പരമ്പര തോല്‍വി നേരിട്ടിട്ടില്ലാത്ത നായകനാണ് കോഹ്‌ലി.
ഇന്ത്യന്‍ ഓപണിങിലെ ബാലാരിഷ്ടതയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. കെ.എല്‍ രാഹുല്‍ ഫോം നിലനിര്‍ത്താന്‍ പാടുപെടുന്നത് ഇന്ത്യക്ക് തലവേദനയായി നില്‍ക്കുന്നു. നിര്‍ണായക പോരാട്ടമായതിനാല്‍ രാഹുലിനെ മാറ്റി ഡല്‍ഹി യുവ താരം റിഷഭ് പന്തിനെ ഓപണറായി അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. പര്‍വേസ് റസൂലിനു പകരം അമിത് മിശ്രയേയും പേസ് നിരയില്‍ ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ എന്നിവരില്‍ ഒരാള്‍ക്കും അവസരം ലഭിക്കും.
ഇംഗ്ലണ്ട് നിരയില്‍ പരിമിത ഓവര്‍ നായകന്‍ ഇയാന്‍ മോര്‍ഗന്‍ മികച്ച ഫോമില്‍ നില്‍ക്കുന്നതാണ് അവര്‍ക്ക് ആശ്വാസമാകുന്നത്. ആദ്യ മൂന്നു ഏകദിനങ്ങളില്‍ 28, 102, 43 സ്‌കോറുകള്‍ നേടിയ മോര്‍ഗന്‍ ആദ്യ ടി20യില്‍ 51 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിങ് ശക്തിയാര്‍ജിച്ചതായതിനാല്‍ ആദ്യ മണിക്കൂറില്‍ തന്നെ അതു തകര്‍ത്താല്‍ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുള്ളു.
പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാണ്. സാധ്യതാ പട്ടിക-
ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (റിഷഭ് പന്ത്), സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ് ധോണി, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, പര്‍വേസ് റസൂല്‍ (അമിത് മിശ്ര), യുഷ്‌വേന്ദ്ര ചഹല്‍, ആശിഷ് നെഹ്‌റ (ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്‌റ).
ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍ (നായകന്‍), സാം ബില്ലിങ്‌സ്, ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ടിമല്‍ മില്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."