സെറീന സ്ലാം
മെല്‍ബണ്‍: മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലെവര്‍ അരേനയില്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ഗ്രാന്‍സ് സ്ലാം രാജ്ഞിയായി തിളങ്ങി. ടെന്നീസിന്റെ ആധുനിക കാലഘട്ടത്തില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന വിഖ്യാത ജര്‍മന്‍ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് നേട്ടം സെറീന വില്ല്യംസ് ആസ്‌ത്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടി മറികടന്നു. കരിയറിലെ 23ാം കിരീട നേട്ടത്തിലൂടെയാണ് സെറീന സ്റ്റെഫിയെ പിന്നിലാക്കിയത്. 24 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയിട്ടുള്ള ആസ്‌ത്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സെറീനയ്ക്ക് മുന്നിലുള്ളത്.
രണ്ടു വിജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന സ്വപ്ന സമാന പദവിയാണ് സെറീനയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ സെറീന ചരിത്രമെഴുതുമോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്. കിരീട നേട്ടത്തോടെ അഞ്ജലീക്ക് കെര്‍ബറെ പിന്തള്ളി സെറീന ഒന്നാം റാങ്ക് തിരിച്ചുപിടിക്കുകയും ചെയ്തു.
ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ സഹോദരി വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ചരിത്ര നേട്ടത്തിലേക്ക് കയറിയത്. സ്‌കോര്‍: 6-4, 6-4. ഇടയ്ക്ക് വീനസ് കടുത്ത വെല്ലുവിളിയുമായി സെറീനയെ വെള്ളം കുടിപ്പിച്ചെങ്കിലും കരുത്തുറ്റ പോരാട്ടത്തിലൂടെ വെല്ലുവിളി അതിജീവിച്ച് സെറീന അന്തിമ വിജയം ഒപ്പം ചേര്‍ക്കുകയായിരുന്നു. കരിയറിലെ ഏഴാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണ് സെറീന സ്വന്തമാക്കിയത്. കരിയറില്‍ രണ്ടാം തവണയാണ് വീനസ് മെല്‍ബണില്‍ ഫൈനല്‍ കളിക്കുന്നത്.
രണ്ടു തവണയും അനുജത്തിയായ സെറീനയ്ക്ക് മുന്‍പില്‍ തോല്‍ക്കാനായിരുന്നു വെറ്ററന്‍ താരത്തിന്റെ യോഗം. ഫൈനലില്‍ തോറ്റെങ്കിലും വീനസും റാങ്കിങില്‍ നേട്ടമുണ്ടാക്കി. നിലവില്‍ 11ാം റാങ്കിലാണ് വീനസ്.
തന്റെ കാലത്തെ ഏറ്റവും മികച്ച ടെന്നീസ് താരമെന്ന ബഹുമതി വീണ്ടും ഉറപ്പിക്കുകയാണ് സെറീന. സെറീനയുടെ ഏറ്റവും കടുപ്പമുള്ള എതിരാളിയായി അറിയപ്പെട്ടത് സഹോദരി തന്നെയായ വീനസായിരുന്നു. ഇരുവരും ഏറ്റുമുട്ടിയ 29ാം മേജര്‍ ഫൈനലായിരുന്നു മെല്‍ബണിലേത്. 17 വിജയങ്ങള്‍ സെറീനയ്‌ക്കൊപ്പം നിന്നപ്പോള്‍ 11 വിജയങ്ങളാണ് വീനസ് സ്വന്തമാക്കിയത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കാന്‍ സെറീന കീഴടക്കിയത് വീനസടക്കം 14 മികച്ച താരങ്ങളെയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സെറീനയുടെ മുന്നില്‍ നിന്നു തോല്‍വി നേരിട്ടത് റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയാണ്. 21 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 19 തവണയും വിജയം സെറീനയ്ക്കായിരുന്നു.
ഏഴു ആസ്‌ത്രേലിയന്‍ ഓപണ്‍, മൂന്നു ഫ്രഞ്ച് ഓപണ്‍, ഏഴു വിംബിള്‍ഡണ്‍, ആറു യു.എസ് ഓപണ്‍ കിരീടങ്ങളാണ് സെറീന കരിയറില്‍ സ്വന്തമാക്കിയത്. സഹോദരി വീനസിനൊപ്പം 14 ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടങ്ങളും 1998ല്‍ മാക്‌സ് മിര്‍നിക്കൊപ്പം മിക്‌സ്ഡ് ഡബിള്‍സില്‍ വിംബിള്‍ഡണും യു.എസ് ഓപണും സെറീന നേടി.
പുരുഷ ഡബിള്‍സ് കിരീടം ജോണ്‍ പീര്‍സ്- ഹെന്റി കോണ്ടിനെന്‍ സഖ്യത്തിന്
ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ ഡബിള്‍സ് കിരീടം ആസ്‌ത്രേലിയയുടെ ജോണ്‍ പീര്‍സും ഫിന്‍ലന്‍ഡിന്റെ ഹെന്റി കോണ്ടിനെനും ചേര്‍ന്ന സഖ്യത്തിന്. ഫൈനലില്‍ ഇതിഹാസ അമേരിക്കന്‍ സഖ്യമായ ബോബ് ബയ്രാന്‍- മൈക്ക് ബ്രയാന്‍ സോഹദരന്‍മാരെയാണ് ഇരുവരും ചേര്‍ന്നു കീഴടക്കിയത്. സ്‌കോര്‍: 7-5, 7-5. കരിയറിലെ ആദ്യമായാണ് ഇരുവരും ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."