പോരാട്ടം അവസാനിക്കുന്നില്ല
1970 ജൂലൈ 30. മഴ കോരിച്ചൊരിയുന്നു. ഇടി വിറപ്പിക്കുന്നു. മഴക്കാലമാണ്, വറുതിക്കാലവും. സന്ധ്യക്കുശേഷം പുറത്തിറങ്ങാതെ ഗ്രാമം മുഴുവന്‍ തണുപ്പിന്റെ ആലസ്യത്തിലാണ്ടു. തുടര്‍ച്ചയായി പെയ്ത പെരുമഴയുടെ തണുപ്പിലും കുറച്ചു യുവാക്കള്‍ പാലക്കാട് മുണ്ടൂരില്‍ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ രഹസ്യ ചര്‍ച്ചകളിലായിരുന്നു.
അന്നു രാത്രി ആരും വീടിനു പുറത്തിറങ്ങരുതെന്നു പ്രകൃതിയുടെ തീരുമാനമുള്ളതുപോലെ. ചാക്കോ, ഭാസ്‌കരന്‍, ഹംസ, ഗോപാലകൃഷ്ണന്‍ ആ ഇരുപതംഗ സംഘത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു രാവുണ്ണിയെന്ന മുന്നണിപ്പോരാളി.
പിറ്റേന്നു കാട്ടുതീ പോലെ ആ വാര്‍ത്ത പരന്നു. സര്‍വപ്രതാപിയും ഫ്യൂഡല്‍ തെമ്മാടിത്തത്തിന്റെ ബ്രാന്റ് അംബാസിഡറുമായിരുന്ന കോങ്ങാട് നാരായണന്‍കുട്ടി നായരെന്ന ജന്മി ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ വിപ്ലവ മണ്ണിലേക്കു അതിനുശേഷം ഉയര്‍ന്നുകേട്ട പേരാണ് മുണ്ടൂര്‍ രാവുണ്ണിയുടേത്.
എം.എന്‍. രാവുണ്ണി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിന് ശേഷം സി.പി.എം. വിട്ട് സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകനായി. തലശേരി പൊലിസ് സ്റ്റേഷനാക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോങ്ങാട് ജന്മി ഉന്മൂലന കേസില്‍ തടവിലായി. ജയില്‍ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ജീവപര്യന്തം തടവായിരുന്നു ശിക്ഷ.
1984 ലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. തുടര്‍ന്ന് സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി, കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പ്രചാരണ സമിതി സെക്രട്ടറിയുമായി. ഇപ്പോള്‍ മുന്നണിപ്പോരാളി മാസികയുടെ പത്രാധിപരും പോരാട്ടം എന്ന സംഘടനയുടെ നേതാവുമാണ്.
ഈ ശിക്ഷാവിധി ഒരു വലിയ ജനകീയ യുദ്ധത്തിന്റെ തുടക്കമായി ചരിത്രം രേഖപ്പെടുത്തി. കഴിഞ്ഞ നവംബര്‍ അവസാനവാരം കരുളായി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു രാവുണ്ണി. തികച്ചും നാടകീയമായാണ് അപ്പോള്‍ അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയെന്നതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലിസ് അറിയിച്ചു. പിന്നീട് യു.എ.പി.എ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു. ഒടുവില്‍ 2017 ജനുവരി നാലിന് വൈകീട്ടാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യ ഉത്തരവുമായി അദ്ദേഹം ജയില്‍ മോചിതനാകുന്നത്.
വിപ്ലവവഴിയില്‍ രാവുണ്ണി എന്ന പേര് ഏറെകേട്ടതാണ്. ഇപ്പോഴും നിലച്ചിട്ടില്ല ആ വിപ്ലവവീര്യം. അതുകൊണ്ടാണു കരുളായിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വയനാടന്‍ ചുരം കടന്ന് അന്ന് അദ്ദേഹമെത്തിയത്.
തുടര്‍ന്നു പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈയിടെ അദ്ദേഹം ജാമ്യത്തിലിറങ്ങി. വീണ്ടും അറസ്റ്റിന്റെ ഭീതിയിലാണദ്ദേഹം. എങ്കിലും അറസ്റ്റിനെക്കുറിച്ച്, ജയില്‍ ജീവിതത്തെക്കുറിച്ച് മാവോവാദികളുടെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
ജയില്‍വാസത്തിനു ശേഷം വല്ല മാറ്റവും വരുത്തിയോ നിലപാടുകളില്‍ ?
പുതിയ ജയില്‍വാസം ജയിലില്‍ ഉണ്ടായ മാറ്റങ്ങളെ നേരിട്ടു മനസിലാക്കാനാണ് അവസരം തന്നത്. ഈ മാറ്റങ്ങള്‍ ചില മുന്നറിയിപ്പുകള്‍ നമുക്കു തരുന്നുണ്ട്. അവിടെയുള്ള പല പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും വലിയ ചില പൊട്ടിത്തെറികളുടെ മുന്നൊരുക്കങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു.
1982ലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സി.പി ബ്ലോക്കില്‍ തടവുകാരനായിരിക്കെ ഞാന്‍ ചില തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇന്ന് അവ വലിയ തണല്‍മരങ്ങളായി വളര്‍ന്നിരിക്കുന്നു. ആ മരത്തിന്റെ വളര്‍ച്ച നേരില്‍ കാണാന്‍ അവസരം തന്ന മുഖ്യമന്ത്രിയോടും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോടും വലിയ നന്ദിയുണ്ട്. ഇനി ഇക്കാര്യം പുറത്തുവരുമ്പോള്‍ ആ മരങ്ങളെ പോലും ഈ ഭരണകൂടം വേട്ടയാടിയേക്കാം. ജയിലുകളെയും അറസ്റ്റുകളെയും ഭയക്കുന്നില്ല. അതുകൊണ്ടുതന്നെ നിലപാടുകളിലും മാറ്റമില്ല.
ജയിലുകളിലെ അവസ്ഥ എന്താണ്?
മനപരിവര്‍ത്തന കേന്ദ്രങ്ങളാകേണ്ടതാണ് ജയിലുകള്‍. അതിനാണു കുറ്റവാളികളെ അവിടേക്കയക്കുന്നത്. എന്നാല്‍ അപകടകാരികളായ ക്രിമിനലുകളെ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലാണ് ജയിലുള്ളത്. അതു നേരിട്ട് പഠിക്കാനും ഇക്കാലയളവില്‍ കഴിഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചാല്‍ ക്രമസമാധാനം തകരുമെന്ന ആര്‍.എസ്.എസ് നിലപാടാണ് പൊലിസിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും പ്രകടിപ്പിച്ചത്. ക്രമസമാധാനത്തിനു ഭംഗം വരുമ്പോള്‍ അതു നിലനിര്‍ത്തേണ്ട പൊലിസ് ഈ പേരുപറഞ്ഞ് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയല്ലേ യഥാര്‍ഥത്തില്‍ ചെയ്തത്...?
സര്‍ക്കാര്‍ എന്തു ചെയ്യണമെന്നാണ് പറഞ്ഞുവരുന്നത്?
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ പരിശോധിക്കുകയും അതു ഗൗരവമായി പരിഗണിക്കുകയുമാണ് യഥാര്‍ഥത്തില്‍ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. പകരം മാവോയിസ്റ്റുകളെ കൂട്ടക്കുരുതി നടത്തുകയല്ല. തന്നെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിനോട് ഒരു കാര്യത്തില്‍ താന്‍ കടപ്പെട്ടിരിക്കുന്നു. മാവോയിസ്റ്റുകള്‍ പ്രതിരോധയുദ്ധത്തില്‍ തന്നെയാണ്. അവരെ അനുകൂലിക്കുന്ന താനുള്‍പ്പെടെയുള്ളവര്‍ ഇനിയും അറസ്റ്റിലായേക്കാം. അത് ഭീതിപ്പെടുത്തുന്നേയില്ല.
എന്താണ് മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍?
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരോട് ഭരണകൂടവും പൊലിസും കാണിച്ച ശത്രുതയും യാദൃശ്ചികമല്ല. കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു മാര്‍ക്‌സിസം നഷ്ടപ്പെട്ടതുകൊണ്ടാണതു സംഭവിക്കുന്നത്.
ഭരണകൂടത്തിനെതിരേ മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാതെ മുഴുവന്‍ മാവോയിസ്റ്റുകളെയും കൊന്നൊടുക്കിയാലും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയങ്ങളും സമരങ്ങളും നാട്ടില്‍ വേരുപിടിക്കുക തന്നെ ചെയ്യും. ഭരണകൂടത്തിന്റെ ബലപ്രയോഗങ്ങളെ നേരിടാന്‍ സായുധസമരങ്ങള്‍ വേണ്ടി വന്നേക്കാം. പ്രതിരോധസമരത്തിനു വേണ്ടിയാണ് അവര്‍ ആയുധം കൈയിലെടുക്കുന്നത്. അക്രമാസക്ത വിപ്ലവം ലോക മര്‍ദിത ജനതയുടെ സാര്‍വത്രിക നിയമമാണ്. അത് ഇവിടെയും സംഭവിക്കുന്നു. അതുകൊണ്ടുതന്നെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ലെന്നാണോ?
തന്നെ പോലെയുള്ളവരെ ഇനിയും എത്രതവണ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. പക്ഷെ അതുകൊണ്ട് ഇവിടെ പ്രക്ഷോഭങ്ങള്‍ അവസാനിക്കില്ല. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നു ഒളിച്ചോടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എല്ലാ ഭരണകൂടങ്ങളും എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളതും അതിനാണ്. അതിന്റെ ഭാഗം മാത്രമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ കാണേണ്ടത്. സാമ്രാജ്യത്വ ഫ്യൂഡല്‍വിരുദ്ധ മനോഭാവത്തിന്റെ വളര്‍ച്ചയുണ്ടാകുന്നത് ഭയക്കുന്നതിനു വ്യക്തമായ അടിസ്ഥാനമുണ്ട്. മാര്‍ക്‌സിസം കൈവിട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിച്ചാത്തി രാഷ്ട്രീയത്തിലൂടെ ഫ്യൂഡല്‍ വ്യവസ്ഥയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. നേരിന്റെ ശബ്ദം ശക്തിപ്രാപിക്കുന്നതു കാണാന്‍ കഴിവില്ലാത്തതുകൊണ്ടാണ് കുരുളായിയിലെ പ്രതിഷേധങ്ങളോടു ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നത്.
പോരാട്ട ജീവിതത്തിന്റെ വഴിത്തിരിവിനെക്കുറിച്ച്?
1985ലാണ് ജയില്‍വാസത്തിനു ശേഷം മോചിതനായത്. പുറത്തുവന്നപ്പോഴാണ് ഒരു കല്‍മതിലിന്റെ വിടവുമാത്രമാണ് തനിക്കും പൊതുസമൂഹത്തിനും ഇടയില്‍ ഉണ്ടായിരുന്നതെന്നു തിരിച്ചറിയാനായത്. ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം, വിദ്യാഭ്യാസം, അത്യാവശ്യത്തിനു സമ്പത്ത് ഇതൊക്കെയുണ്ട്. എന്നാലും സാമൂഹികമായ അസമത്വമായിരുന്നു എങ്ങും. രാഷ്ട്രപതിയായിട്ടുപോലും ഒരു പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുപോയ കെ.ആര്‍ നാരായണനു പ്രസാദം എറിഞ്ഞുകൊടുത്തത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമായി തോന്നിയില്ല. ഇത്തരം വേദനകളില്‍ നിന്നാണു പോരാട്ടം എന്ന സംഘടനയുടെ ജന്മത്തിനു കാരണമായത്.
കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മാവോയിസ്റ്റ് വര്‍ഗ ബഹുജന സംഘടനകളെ ഒരുമിച്ച് കൊണ്ടുപോയി സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് പോരാട്ടത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. അതിന്റെ നേതൃത്വം എന്നില്‍ അധിഷ്ടിതമായി.
പോരാട്ടത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു?
'കഴിഞ്ഞ അന്‍പതു വര്‍ഷക്കാലത്തെ ദല്ലാള്‍ പാര്‍ലമെന്ററി സമ്പ്രദായം പുത്തന്‍ കൊളോനിയലിസം, സാമ്പത്തിക പാപ്പരത്തം, സാംസ്‌കാരിക ജീര്‍ണത എന്നിവയല്ലാതെ ഇന്ത്യന്‍ ജനതയ്ക്ക് ഒരു മാറ്റവും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വന്തം മോചനത്തിനായി ഒന്നിക്കുകയും പോരാടുകയുമല്ലാതെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. നിലനില്‍പ്പിനായി പിടയുന്ന സമൂഹമാണ് തന്നെ എക്കാലത്തും സ്വാധീനിച്ചിട്ടുള്ളത്. എന്നും അവരുടെ പക്ഷത്താണ്. ഇത്തരം ഘട്ടങ്ങളില്‍ ഞാന്‍ തികച്ചും നിര്‍ഭയനാകുന്നു. ആ നിര്‍ഭയം വീണ്ടും വീണ്ടും വിപ്ലവകാരിയാക്കുന്നു.
കോങ്ങാട്ടെ ഉന്മൂലന സമരത്തിലേക്കു നയിച്ച കാരണങ്ങളെന്തൊക്കെയായിരുന്നു?
' തന്നെ പോെലയുള്ളവരെ ഇനിയും അറസ്റ്റ് ചെയ്യാം. പക്ഷെ അതുകൊണ്ട് ഇവിടെ പ്രക്ഷോഭങ്ങള്‍ അവസാനിക്കില്ല. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നു ഒളിച്ചോടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മാര്‍ക്‌സിസം കൈവിട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിച്ചാത്തി രാഷ്ട്രീയത്തിലൂടെ ഫ്യൂഡല്‍ വ്യവസ്ഥയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. നേരിന്റെ ശബ്ദം ശക്തിപ്രാപിക്കുന്നതു കാണാന്‍ കഴിവില്ലാത്തതുകൊണ്ടാണ് കുരുളായിയിലെ പ്രതിഷേധങ്ങളോടു ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നത് '
അവിടുത്തെ ഫ്യൂഡല്‍ കുടുംബത്തിന്റെ കാരണവരായിരുന്ന ചിന്നക്കുട്ടന്‍ നായരുടെ അനുജനായിരുന്നു നാരായണന്‍കുട്ടി നായര്‍. തല്ലാനും കൊല്ലാനും അധികാരമുള്ള തറവാട്ടിലെ അംഗം. ഇഷ്ടപ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക. ഇഷ്ടപ്പെട്ട ഭൂമി ഭീഷണിപ്പെടുത്തി സ്വന്തമാക്കുക എന്നിവയായിരുന്നു പ്രധാന വിനോദങ്ങള്‍. കൂട്ടിന് എന്തിനും പോന്ന സില്‍ബന്തികളും.
ഇവരെ പേടിയായിരുന്നു എല്ലാവര്‍ക്കും. പറയ സമുദായത്തില്‍പ്പെട്ട ചങ്ങനെന്ന പാവം മനുഷ്യനെ തല്ലിക്കൊന്നു ഇയാളുടെ നേതൃത്വത്തില്‍. കോങ്ങാട്ടിലേക്കു കല്യാണം കഴിച്ചുകൊണ്ടുവന്ന സുന്ദരിയായ വണ്ണാത്തിപ്പെണ്ണിന്റെ സ്തനം മുറിച്ചുമാറ്റി. അയാളുടെ ആഗ്രഹങ്ങള്‍ക്കു വഴങ്ങിയില്ല എന്നതായിരുന്നു കുറ്റം. നാരായണന്‍കുട്ടി നായരെ ഉന്മൂലനം ചെയ്യാന്‍ വേറെ കാരണം വേണോ?
രാത്രി എട്ടുമണിയോടെ അയാളുടെ വീട് വളഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും വേറെ വേറെ മുറികളിലാക്കി പുറത്തേക്കു പൂട്ടിയിട്ടു. നായര്‍ക്കു മുന്നില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
നാട്ടിലെ സൈ്വരവിഹാരം തകര്‍ക്കാനും സ്വന്തം താല്‍പ്പര്യത്തിനും വേണ്ടി എന്തു ക്രൂരകൃത്യവും നിര്‍വഹിക്കാനും മടിയില്ലാത്ത ഭീകരനായ സാമൂഹികവിരുദ്ധനാണ് നിങ്ങള്‍. ഞങ്ങള്‍ക്കതു ബോധ്യപ്പെട്ടിരിക്കുന്നു. ജനവിരുദ്ധനായ നിങ്ങളെ ഉന്മൂലന ശിക്ഷക്കു വിധേയമാക്കാന്‍ അസന്ദിഗ്ധമായി തീരുമാനിച്ചിരിക്കുന്നു.
നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും തരാം ഒന്നും ചെയ്യരുത് എന്നും അയാള്‍ കേണു. ജീവനുവേണ്ടി യാചിച്ച പലരുടെയും രോദനങ്ങള്‍ അയാള്‍ അവഗണിച്ച അതേ ലാഘവത്തില്‍ ഉന്മൂലന സംഘവും ശിക്ഷാവിധി നടപ്പാക്കി.
ഉന്മൂലന സമരം ശരിയായിരുന്നോ?
1970ലാണ് ഭൂപരിഷ്‌കരണം നടപ്പാക്കുന്നത്. ഈ ആവശ്യം ഉന്മൂലന സമരത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നില്ല. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ കോട്ട കൊത്തളങ്ങള്‍ക്കു നേരേയുള്ള കടന്നാക്രമണമായിരുന്നു ഉന്മൂലന സമരം. കോങ്ങാട്, തിരുനെല്ലി, തൃശ്ശിലേരി സംഭവങ്ങള്‍ക്കുശേഷം ആദിവാസി മേഖലകളില്‍ അടിമപ്പണി ഉണ്ടായിട്ടില്ല. ആദിവാസി കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. ധാന്യം മാത്രം കൂലിയായി കൊടുത്തിരുന്ന ജന്മിമാര്‍ കൂലി പണമായി കൊടുത്തു. ഇതോടെ ഭൂപരിഷ്‌കരണം ഏതുവിധേനയും നടപ്പാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കു ഭരണകൂടം സ്വയം എത്തിപ്പെട്ടു.
1969ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ നിന്നൊഴിവായിട്ടും പിന്നീടു വന്ന സി.പി.ഐ-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭൂപരിഷ്‌കരണം പ്രധാന അജന്‍ഡയായി കൊണ്ടുവന്നത് ഈ സാഹചര്യത്തിലാണ്. ഇതിനു പ്രേരകമായത് ഉന്മൂലന സമരമായിരുന്നുവെന്നത് ആരു നിഷേധിച്ചാലും ശരിയല്ല അതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."