മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധവും അന്വേഷിക്കുന്നു
തൊടുപുഴ: മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് എന്ന വ്യജേന കഞ്ചാവു മാഫിയയില്‍നിന്നു പണം കൈപ്പറ്റിയ കേസില്‍ പാലക്കാട് അറസ്റ്റിലായ ഇടുക്കി പൊലിസ് സേനയിലെ മൂന്നു പൊലിസുകാര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി.
കുളമാവ് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ തൊടുപുഴ കുമ്മംകല്ല് മാളിയേക്കല്‍ നൂര്‍ സമീര്‍, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി മുജീബ് റഹ്മാന്, കണ്ണൂര്‍ സ്വദേശി സുനീഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇവര്‍ക്ക് തൊടുപുഴയിലെ ചില യുവ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ സംഘത്തിലെ പ്രധാനി നൂര്‍ സമീര്‍ വ്യാജ വാര്‍ത്തകള്‍ ഈ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആള്‍മാറാട്ടം വഴിയും സംഘം പണപ്പിരിവ് നടത്തിയിരുന്നു. ഇവര്‍ക്കെതിരെ ഇന്നലെ നിരവധിപ്പേര്‍ പരാതിനല്കാന് തയാറായെങ്കിലും ഒരുസംഘം ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
മൂവരും അവിശുദ്ധ ഇടപാടുകള്‍ പലതും നടത്തിയതായാണു പ്രാഥമിക റിപ്പോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, ഫോണ്‍കോളുകള്‍, ബിനാമി ഇടപാടുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് മേധാവി നിര്‍ദേശം നല്കി. കൊച്ചി റേഞ്ച് ഐ.ജി, ഇടുക്കി ജില്ലാ പൊലിസ് മേധാവി, സ്പെഷല്‍ ബ്രാഞ്ച് എന്നിവരും അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ വകുപ്പുതലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."