തലശേരി സംഘര്‍ഷം: വ്യാപക റെയ്ഡ്
തലശ്ശേരി: തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എസ്.പി കെ.പി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. രേഖകളില്ലാത്ത 23ഓളം വാഹനങ്ങളും 25ഓളം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
പുന്നോല്‍ ഭാഗത്തുള്ള സി.പി.എം-ബിജെ.പി ഓഫിസുകളിലും റെയ്ഡ് നടത്തി. വ്യക്തമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്നും പൊലിസ് അറിയിച്ചു. റെയ്ഡിനൊപ്പം തന്നെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ന്യൂമാഹി, കൊമ്മല്‍ വയല്‍, ഇല്ലത്ത് താഴെ, ആച്ചുകുളങ്ങര എന്നിവിടങ്ങളിലെ സി.പി.എം-ബിജെ.പി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത നങ്ങാരത്ത് പീടികയില്‍ നടന്ന പൊതുയോഗത്തിന് അടുത്ത് സ്‌ഫോടനം ഉണ്ടായത് സംബന്ധിച്ച് പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്‌ഫോടനത്തിന് ശേഷം തലശ്ശേരി ഡി.വൈ.എസ്.പി ഓഫിസില്‍ ഉഭയകക്ഷികള്‍ യോഗം ചേര്‍ന്ന് സമാധാനത്തിന് ആഹ്വാനം ചെയ്‌തെങ്കിലും അവ ഫലപ്രദമായതായി പൊലിസിന് തന്നെ അഭിപ്രായവുമില്ല. ഇരുപാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ ബോധപൂര്‍വം രൂപപ്പെടുത്തുന്നവരെ കണ്ടെത്തുകയാണെങ്കില്‍ മുന്നറിയിപ്പില്ലാതെ കസ്റ്റഡിയിലെടുക്കണമെന്നും ആഭ്യന്തരവകുപ്പ് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ 12 മണിക്കൂര്‍ റെയ്ഡ് നടത്തിയിട്ടും ബോംബോ ആയുധങ്ങളോ കണ്ടെത്താനാകാഞ്ഞത് റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."