ടാറിങ്ങില്‍ കുരുങ്ങി യാത്രക്കാര്‍
പാപ്പിനിശ്ശേരി:ദേശീയപാത വേളാപുരം മുതല്‍ പുതിയതെരു വരെ നടക്കുന്ന മെക്കാഡം ടാറിങ് പ്രവൃത്തി മൂലം വാഹനങ്ങള്‍ ഇന്നലെ ഗതാഗതക്കുരുക്കിലമര്‍ന്നു.
മണിക്കൂറുകള്‍ പിന്നിട്ടാണ് കണ്ണൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ വളപട്ടണം പാലം കടന്നത്. തിരക്കേറിയ സമയമായ രാവിലെയും വൈകുന്നേരവുമാണ് കനത്ത തിരക്കനുഭവപ്പെട്ടത്. ഇന്നലെ രാവിലെ എട്ട് മണിയോടെ വളപട്ടണം പാലം പഴയങ്ങാടി ജങ്ഷനിലാണ് ടാറിങ് പ്രവൃത്തി തുടങ്ങിയത്. ഇന്നലെ ഉച്ചക്ക് ശേഷം വേളാപുരം ഭാഗത്ത് തുടങ്ങിയ ടാറിങ് പ്രവൃത്തി മൂലം അരോളി മാങ്കടവ് റോഡിലും കണ്ണൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലും വൈകുന്നേരത്തോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഇതിനിടെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പാലത്തിനു മുകളില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലത്തിന് മുകളിലെ മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ക്ക് ശേഷം മെക്കാഡം ടാറിങ് ചെയ്യാത്തതിനാല്‍ ചെറിയ ചാറ്റല്‍ മഴയില്‍ പോലും പാലത്തിനു മുകളില്‍ വാഹനങ്ങള്‍ ബ്രേക്കിടുമ്പോള്‍ വഴുതി പോകുന്നുവെന്ന് പരാതിയുമുണ്ട്. ബുധനാഴ്ച മുതലാണ് വളപട്ടണം പാലം ഉള്‍പ്പെടുന്ന വേളാപുരം-പുതിയതെരു ആറു കി.മി ടാറിങ് ജോലികള്‍ ആരംഭിച്ചത്. ഈ ഭാഗങ്ങളില്‍ കേട് വന്ന 1.5 കി.മി ഭാഗങ്ങളിലെ ടാറിംഗ് ജോലികളാണ് ആദ്യഘട്ടത്തില്‍ ഇപ്പോള്‍ ചെയ്യുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ കേട് വന്ന ഭാഗത്തെ ബിറ്റ്മിന്‍ ടാറിങ് അവസാനിക്കും. അതിനുശേഷം ആറുകിലോമീറ്റര്‍ ഭാഗത്തെ മെക്കാഡം ടാറിങ് ജോലികള്‍ പൂര്‍ണമായും മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."