നാഥനില്ലാതെ മാഹി നഗരസഭ
കഴിഞ്ഞ 35 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2006 ജൂലായില്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാഹി നഗരസഭക്ക് നാഥനില്ലാത്ത അവസ്ഥയാണ്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കു പകരമുള്ള ഉദ്യോഗസ്ഥരുടെ ആസൂത്രണം വികസന കാര്യത്തില്‍ ഫലപ്രദമല്ല. പദ്ധതി നടത്തിപ്പിനു ജനകീയ സ്വഭാവവും ഇല്ലാതായി. തെരുവുവിളക്കുകള്‍, കുടിവെള്ള പ്രശ്‌നം, മാലിന്യപ്രശ്‌നം എന്നിവയൊക്കെ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കാലതാമസം നേരിടുന്നു. ആരു ഭരണം നടത്തിയാലും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ യഥാസമയം നടത്തണമെന്നാണ് മാഹിക്കാരുടെ ആവശ്യം.
എങ്ങുമെത്താതെ മാഹി തുറമുഖം
മത്സ്യബന്ധന തുറമുഖമെന്ന മാഹിയുടെ സ്വപ്‌നം സഫലമാക്കാന്‍ നിര്‍മാണം തുടങ്ങിയ മാഹി തുറമുഖം 15 വര്‍ഷമായിട്ടും പാതിവഴിയിലാണ്. മാഹിക്ക് ശേഷം നിര്‍മാണം തുടങ്ങിയ തലായി, ഗോപാലപേട്ട, കൊയിലാണ്ടി തുറമുഖങ്ങളുടെ പണി പൂര്‍ത്തിയായി. ഇഴഞ്ഞുനീങ്ങുന്ന മാഹി തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തി മത്സ്യതൊഴിലാളികളെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്.
ആവശ്യമായ മേല്‍നോട്ടമില്ലാതെയുള്ള പുനര്‍നിര്‍മാണ പ്രവൃത്തിയിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി. കൊല്ലം കായിക്കര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 22.78 കോടി മതിപ്പ് ചിലവ് കണക്കാക്കി കരാര്‍ നല്‍കിയത് ആ ഘട്ടത്തില്‍ തന്നെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ആദ്യ കരാര്‍ ഉപേക്ഷിച്ച പദ്ധതി സര്‍ക്കാര്‍ തിടുക്കപ്പെട്ട് ചെന്നൈ ആസ്ഥാനമായ മാര്‍ഗ് കണ്‍സ്ട്രക്ഷന് 72 കോടിക്ക് ഏല്പിച്ചെങ്കിലും ഇതിലും ദുരൂഹതയുണ്ട്. മുന്‍ കരാറുകാരുമായി കേസ് നിലനില്‍ക്കുമ്പോള്‍ കേന്ദ്ര കൃഷിമന്ത്രാലയത്തെയടക്കം കബളിപ്പിച്ചായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം. ഒരു ന്യായീകരണവുമില്ലാതെയാണ് 72 കോടിക്ക് സിംഗിള്‍ ടെന്‍ഡറായി മാര്‍ഗിനെ ഏല്പിച്ചത്. കോടിക്കണക്കിന് രൂപ വിലവരുന്ന യന്ത്രസമഗ്രികള്‍ കടലോരത്തു തുരുമ്പെടുത്ത് നശിക്കുകയാണ്. പുലിമുട്ട് നിര്‍മിക്കാനിട്ട കല്ലുകള്‍ ഓരോ സീസണിലും കടലെടുക്കുന്നു.
അനുബന്ധ പ്രവര്‍ത്തനം നടത്തുന്നതിനു മുന്നോടിയായി രണ്ട് പ്രാവശ്യം ഭൂമിപൂജ നടത്തി 2013 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായ രംഗസ്വാമി നിര്‍ദിഷ്ട തുറമുഖ നിര്‍മാണ പ്രവൃര്‍ത്തനം നേരില്‍ കണ്ട് വിലയിരുത്തിയപ്പോള്‍ അറിയിച്ചിരുന്നു. മാര്‍ഗ്കമ്പനി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷെരീഫ്, തുറമുഖ നിര്‍മാണ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ റാവു, ടൂറിസം മന്ത്രി പി രാജവേലു, ഇ വത്സരാജ് എം.എല്‍.എ എന്നിവര്‍ക്കൊപ്പമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. തുറമുഖം പൂര്‍ത്തീകരിച്ചു കാണാന്‍ ഇനിയും എത്ര വര്‍ഷം കാത്തിരിക്കണമെന്നാണ് മാഹി ജനതയുടെ ചോദ്യം.
കുന്നുകൂടുന്ന മാലിന്യം
നഗരത്തിലെ റോഡുകള്‍ മുഴുവന്‍ മാലിന്യം നിറഞ്ഞു കിടക്കുന്നത് മാഹിയുടെ ദയനീയ കാഴ്ചയാണിപ്പോള്‍. ഇവിടെയുള്ള മാലിന്യങ്ങള്‍ നഗരസഭയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് മാസത്തിലൊരിക്കല്‍ 16,000 രൂപ ലോറി വാടക കൊടുത്ത് കയറ്റി അയക്കാറാണ് പതിവ്. എന്നാല്‍ മാലിന്യം തമിഴ്‌നാട്ടിലേക്ക് അയച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡില്‍ മാലിന്യം നിറയുന്നതാണ് ഇപ്പോള്‍ പതിവാകുന്നത്. അതിനാല്‍ അടിയന്തിരമായി മാഹിയില്‍ തന്നെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കണമെന്നത് ജനങ്ങളുടെ പൊതുവികാരമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."